ന്യൂഡല്‍ഹി: ക്രൂ അംഗത്തെ ശാരീരികമായി ഉപദ്രവിച്ചതിന് വിമാന യാത്രികന്‍ സുരക്ഷ ഉദ്യോഗസ്ഥരുടെ പിടിയില്‍. തിങ്കളാഴ്‌ച ഗോവയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ വച്ച് ക്രൂ അംഗത്തിന് നേരെ അസഭ്യം പറയുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്‌ത സംഭവത്തില്‍ പുരുഷ യാത്രക്കാരനെ വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷമാണ് സുരക്ഷ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. വിമാന യാത്രക്കാരിലെ മോശം പെരുമാറ്റവും അതിക്രമവുമെല്ലാം കഴിഞ്ഞ മാസങ്ങളിലായി വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നുവെങ്കിലും, ഗോവയിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രാമധ്യേ എയര്‍ ഇന്ത്യയുടെ AI882 വിമാനത്തിലാണ് സംഭവം അരങ്ങേറുന്നത്.
അപലപിച്ച് എയര്‍ ഇന്ത്യ: യാത്രക്കാരൻ ക്രൂ അംഗങ്ങളെ അസഭ്യം പറയുകയും വിമാനത്തിലുണ്ടായിരുന്ന ഒരു ക്രൂ അംഗത്തെ ശാരീരികമായി ആക്രമിക്കുകയും ചെയ്‌തു. ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങിക്കഴിഞ്ഞും ഇയാള്‍ പ്രകോപനമില്ലാതെ ആക്രമണോത്സുകമായ പെരുമാറ്റം തുടര്‍ന്നു. ഇതോടെ ഇയാളെ സുരക്ഷ ഉദ്യോഗസ്ഥർക്ക് കൈമാറിയെന്നും സംഭവം ബന്ധപ്പെട്ടവരോട് റിപ്പോർട്ട് ചെയ്‌തിട്ടുണ്ടെന്നും എയര്‍ ഇന്ത്യ വക്താവ് പ്രസ്‌താവനയിലൂടെ അറിയിച്ചു. തങ്ങളുടെ ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷ തങ്ങള്‍ക്ക് വളരെ പ്രധാനമാണെന്നും യാത്രക്കാരന്‍റെ ഈ മോശം പെരുമാറ്റത്തെ തങ്ങൾ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഉപദ്രവം നേരിട്ട ക്രൂ അംഗങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
യാത്രക്കാരനെ ഇറക്കിവിട്ട് എയര്‍ ഇന്ത്യ: ഇക്കഴിഞ്ഞ ഏപ്രിലില്‍ വിമാനത്തില്‍ അച്ചടക്കമില്ലാതെ പെരുമാറിയ യാത്രക്കാരനെ എയര്‍ ഇന്ത്യ ഇറക്കിവിട്ടിരുന്നു. ഡല്‍ഹിയില്‍ നിന്നും ലണ്ടനിലേക്ക് പറന്ന എഐ 111 വിമാനത്തിലാണ് സംഭവം നടക്കുന്നത്. 225 യാത്രക്കാരുമായി വിമാനം ഇന്ദിരാഗാന്ധി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പുറപ്പെട്ടതോടെ ഒരു പുരുഷ യാത്രക്കാരന്‍ മോശമായി പെരുമാറാന്‍ തുടങ്ങുകയായിരുന്നു. ഇയാള്‍ വിമാന ജീവനക്കാരോട് തട്ടിക്കയറുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്‌തതോടെ ഉടന്‍ വിമാനം തിരിച്ചിറക്കി. പിന്നീട് പ്രശ്‌നമുണ്ടാക്കിയ യാത്രക്കാരനെ ഇറക്കി വിട്ട ശേഷം വിമാനം വീണ്ടും ലണ്ടനിലേക്ക് പറക്കുകയായിരുന്നു. എന്നാല്‍ ഈ സംഭവത്തില്‍ എയര്‍ ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല.
ഈ സംഭവത്തിന് ഏതാണ്ട് ഒരാഴ്‌ചകള്‍ക്ക് മുമ്പ് ഡല്‍ഹിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പറന്ന ഇന്‍ഡിഗോ വിമാനത്തിന്‍റെ എമര്‍ജന്‍സി ഡോര്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരനെതിരെ കേസ് എടുത്തിരുന്നു. 40കാരനായ പ്രതീക് എന്ന യാത്രക്കാരനെതിരെ കര്‍ണാടക പൊലീസാണ് കേസെടുത്തത്. ഇയാള്‍ യാത്രക്കിടെ മദ്യപിച്ചിരുന്നതായും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. പ്രതീക് ഡോര്‍ തുറക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാര്‍ ഇയാള്‍ക്ക് മുന്നറിയിപ്പ് നല്‍കി, തുടര്‍ന്ന് സുരക്ഷ പ്രശ്‌നം ചൂണ്ടിക്കാട്ടി വിമാനം ബെംഗളൂരുവില്‍ എത്തിയപ്പോള്‍ ഇയാളെ സിഐഎസ്എഫിന് കൈമാറുകയായിരുന്നു.
ശുചിമുറിയില്‍ പുകവലി: ഇക്കഴിഞ്ഞ മാര്‍ച്ചില്‍ യാത്ര ചെയ്‌ത ഇന്‍ഡിഗോ വിമാനത്തിന്‍റെ ശുചിമുറിയില്‍ വച്ച് പുകവലിച്ച ബിഹാര്‍ സ്വദേശിയായ യാത്രക്കാരനെ അറസ്റ്റ് ചെയ്‌തിരുന്നു. മുംബൈയില്‍ നിന്ന് ഗൊരഖ്‌പൂരിലേക്ക് പറന്ന വിമാനത്തിലാണ് സംഭവം നടക്കുന്നത്. സംഭവത്തില്‍ ബിഹാര്‍ ഗോപാല്‍ഗഞ്ച് സ്വദേശിയായ കൃഷ്‌ണകുമാര്‍ മിശ്രയാണ് സുരക്ഷ സേനയുടെ പിടിയിലായത്. ശുചിമുറിയില്‍ വച്ച് ഇയാള്‍ പുകവലിച്ചതോടെ ശുചിമുറിയില്‍ പുക നിറഞ്ഞ് തീപിടിത്തം ഉണ്ടായതായി കാണിച്ച് വിമാനത്തിലെ ഫയര്‍ അലാറം മുഴങ്ങി. ശബ്‌ദം കേട്ടതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. സംഭവം ശ്രദ്ധയില്‍പ്പെട്ട ജീവനക്കാര്‍ തുടര്‍ന്ന് കൃഷ്‌ണകുമാറിനോട് സിഗരറ്റ് ഉപേക്ഷിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.