ചെന്നൈ: ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഇറങ്ങേണ്ട എയര്‍ ഇന്ത്യയുടെ ഡ്രീംലൈനര്‍ വിമാനം അടിയന്തരമായി ചെന്നൈയില്‍ ഇറക്കി. ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട വിമാനമാണ് അടിയന്തരമായി ചെന്നൈയില്‍ ലാന്‍ഡ് ചെയ്‌തത്. 277 യാത്രക്കാരുമായി ചെന്നൈ എയര്‍ റൂട്ട് ക്രോസ് ചെയ്യുന്നതിനിടെയാണ് വിമാനത്തില്‍ ഇന്ധനത്തിന്‍റെ കുറവ് ശ്രദ്ധയില്‍പ്പെട്ടത്.
പൈലറ്റ് ഉടന്‍ ഡല്‍ഹിയിലെ ഫ്ലൈറ്റ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടു. ചെന്നൈയില്‍ വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്യാന്‍ കണ്‍ട്രോള്‍ റൂമില്‍ നിന്ന് ഉത്തരവ് ലഭിച്ചതിനെ തുടര്‍ന്നാണ് 4.30ന് വിമാനം ചെന്നൈ വിമാനത്താവളത്തില്‍ ഇറക്കിയത്. ചെന്നൈ ഇന്‍റര്‍നാഷണല്‍ ടെര്‍മിനലില്‍ നിന്ന് വിമാനത്തില്‍ ഇന്ധനം നിറച്ചു. ഇന്ന് വൈകിട്ട് 6.10ന് ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനമായിരുന്നു ഇത്.
ചെന്നൈ വിമാനത്താവളത്തില്‍ ഇറക്കിയ വിമാനത്തിലെ പൈലറ്റുമാരുടെ ഡ്യൂട്ടി ടൈം അവസാനിച്ചതിനാല്‍ അവര്‍ മടങ്ങുകയും പകരം പൈലറ്റുമാരെത്തി വൈകിട്ട് 5.30ഓടെ വിമാനം ഡല്‍ഹിയിലേക്ക് പുറപ്പെട്ടതായി എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥന്‍ ഇടിവി ഭാരതിനോട് പറഞ്ഞു. അതേസമയം മെല്‍ബണില്‍ നിന്ന് പുറപ്പെടുമ്പോള്‍ പൂര്‍ണമായി ഇന്ധനം നിറച്ച വിമാനം ലക്ഷ്യ സ്ഥാനത്ത് എത്തുന്നതിന് മുമ്പ് ഇന്ധനം കുറഞ്ഞ് അടിയന്തര ലാന്‍ഡിങ് നടത്തേണ്ടി വന്നത് എന്തു കൊണ്ടാണെന്ന കാര്യത്തില്‍ എയര്‍ഇന്ത്യ പ്രതികരിച്ചിട്ടില്ല.