മുംബൈ: യുക്രൈൻ രക്ഷാദൗത്യമായ ഓപ്പറേഷൻ ഗംഗയുടെ ഏഴാമത്തെ വിമാനം ഇന്ന് രാവിലെ (01.03.2022) 6.20ന് മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തും. 182 യാത്രക്കാരാണ് ഈ സംഘത്തിലുള്ളത്. യാത്രക്കാരെ കേന്ദ്രമന്ത്രി നാരായൺ റാണെ വിമാനത്താവളത്തിൽ സ്വീകരിക്കും. എയർ ഇന്ത്യ എക്‌സ്‌പ്രസ് ഐഎക്‌സ്-1201 റൊമേനിയയിലെ ബുക്കാറസ്റ്റില്‍ നിന്നും മുംബൈയിലെത്തുന്നത്.
ഇന്നലെ (ഫെബ്രുവരി 28, തിങ്കളാഴ്‌ച) ഉച്ചക്ക് 1.50ന് മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നാണ് വിമാനം ബുക്കാറസ്റ്റിലേക്ക് പോയത്. ഇന്ത്യൻ സമയം തിങ്കളാഴ്‌ച വൈകിട്ട് 6.15ഓടെ ബുക്കാറസ്റ്റിൽ എത്തിയ വിമാനം 7.15നാണ് യാത്രക്കാരുമായി ഇന്ത്യയിലേക്ക് തിരിച്ചത്.
യുക്രൈൻ തലസ്ഥാനമായ കീവിൽ കർഫ്യൂ ഇളവ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികൾ ഇത് പ്രയോജനപ്പെടുത്തണമെന്ന് യുക്രൈനിലെ ഇന്ത്യൻ എംബസിയുടെ നിർദേശിച്ചിട്ടുണ്ട്. യുക്രൈൻ കടന്ന് അയല്‍ രാജ്യങ്ങളിലെത്തുന്നവരെയാണ് ഇന്ത്യയിലെത്തിക്കുന്നത്.
കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികൾ റെയിൽവേ സ്റ്റേഷനിൽ എത്തണമെന്നും രക്ഷാദൗത്യത്തിനായി യുക്രൈൻ റെയിൽവേ, പടിഞ്ഞാറൻ യുക്രൈനിലേക്ക് ഏർപ്പെടുത്തിയിരിക്കുന്ന സ്‌പെഷ്യൽ ട്രെയിൻ സർവീസ് ഉപയോഗപ്പെടുത്തണമെന്നും എംബസിയുടെ നിർദേശത്തിൽ പറയുന്നു.
Also Read: കീവിലെ ട്രെയിൻ ഗതാഗതം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഇന്ത്യൻ എംബസി