ന്യൂഡൽഹി: 89ാമത് വ്യോമസേന ദിനത്തിൽ വ്യോമസേന ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കും ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ വ്യോമസേന ധൈര്യത്തിന്‍റെയും അധ്വാനത്തിന്‍റെയും വൈദഗ്‌ധ്യത്തിന്‍റെയും പര്യായമാണെന്നും വെല്ലുവിളികളുടെ സമയത്ത് മാനുഷിക മനോഭാവത്തിലൂടെ രാജ്യത്തിന് പ്രതിരോധം തീർക്കുന്നതിലൂടെ വ്യോമസേന വ്യത്യസ്തരാകുകയാണെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
വ്യോമസേന ദിനത്തോടനുബന്ധിച്ചുള്ള പരേഡ് ഗാസിയാബാദിലെ ഹിന്ദോൺ എയർ ബേസിൽ ആരംഭിച്ചു. വ്യോമസേനയുടെ ആകാശ് ഗംഗ സംഘത്തിന്‍റെ ഹെലികോപ്റ്റർ പ്രകടനവും നടന്നു. പൈതൃക വിമാനം, ആധുനിക ഗതാഗത വിമാനം, മുൻനിര യുദ്ധ വിമാനം എന്നിവയുടെ ഫ്ലൈപാസ്റ്റും നടക്കും. വിദഗ്ദ്ധ വൈമാനിക പ്രകടനത്തോടെ ആഘോഷ ചടങ്ങുകൾ അവസാനിക്കും.
ഇന്ത്യൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി ആർ ചൗധരി, നാവികസേനാ മേധാവി അഡ്മിറൽ കരംബീർ സിങ്, കരസേന മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനെ, സിഡിഎസ് ജനറൽ ബിപിൻ റാവത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡു, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് തുടങ്ങി നിരവധി രാഷ്‌ട്രീയ നേതാക്കളും ഇന്ത്യൻ വ്യോമസേനയ്ക്ക് ആശംസകൾ നേർന്നു
Also Read: മുംബൈ തുറമുഖത്ത് വന്‍ മയക്കുമരുന്ന് വേട്ട; 125 കോടിയുടെ ഹെറോയിന്‍ പിടികൂടി