ലഖ്‌നൗ : ഏകീകൃത സിവിൽ കോഡ് (യുസിസി) സംബന്ധിച്ചുള്ള തങ്ങളുടെ എതിർപ്പുകൾ നിയമ കമ്മിഷനെ അറിയിച്ചിട്ടുണ്ടെന്ന് അഖിലേന്ത്യ മുസ്‌ലിം വ്യക്തി നിയമ ബോർഡ്. ന്യൂനപക്ഷങ്ങളെ നിയമത്തിന്‍റെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബോർഡ് വക്താവ് കാസിം റസൂൽ ഇല്യാസ് പറഞ്ഞു. ഓൾ ഇന്ത്യ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് എല്ലായ്‌പ്പോഴും യുസിസിക്ക് എതിരാണ്. ഇന്ത്യയെ പോലെ ബഹുമതങ്ങളിലും സംസ്‌കാരങ്ങളിലും പെട്ട ആളുകൾ അടങ്ങുന്ന ഒരു രാജ്യത്ത് ഏക സിവില്‍ കോഡിന്‍റെ പേരിൽ ഒരു നിയമം മാത്രം അടിച്ചേല്‍പ്പിക്കുകയെന്നത് ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
വിവിധ കക്ഷികൾക്കും ബന്ധപ്പെട്ടവർക്കും നിയമ കമ്മിഷന് മുന്നില്‍ ഇത് സംബന്ധിച്ച് (യുസിസി) എതിർപ്പുകൾ ഫയൽ ചെയ്യാൻ ജൂലൈ 14 വരെ സമയം നൽകിയിട്ടുണ്ട്. ബോർഡിലെ 251 അംഗങ്ങളിൽ 250-ഓളം പേരും പങ്കെടുത്ത യോഗത്തിൽ യുസിസിക്കെതിരായ തങ്ങളുടെ കാഴ്‌ചപ്പാടുകൾ നിയമ കമ്മിഷന് മുന്നിൽ വ്യക്തിപരമായി അവതരിപ്പിക്കാനും അവരുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും വിയോജിപ്പ് വ്യക്തമാക്കാനും നിര്‍ദേശിച്ചുണ്ടെന്ന് ഇല്യാസ് പറഞ്ഞു.
എഐഎംപിഎല്‍ബിയും യോഗവും : ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ക്കിടയില്‍ ഇസ്‌ലാമിക വ്യക്തി നിയമം സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 1973 ൽ രൂപീകരിച്ച സംഘടനയാണ് അഖിലേന്ത്യ മുസ്‌ലിം വ്യക്തി നിയമ ബോർഡ്.
രാജ്യത്ത് യുസിസി (Uniform civil code) നടപ്പിലാക്കുന്നതിനെ ശക്തമായി എതിര്‍ക്കുമെന്ന് അഖിലേന്ത്യ മുസ്‌ലിം വ്യക്തി നിയമ ബോർഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ചുള്ള കാര്യങ്ങള്‍ തീരുമാനിക്കാനായി കഴിഞ്ഞ ദിവസം ബോര്‍ഡ് അടിയന്തര യോഗം ചേര്‍ന്നിരുന്നു. പൊതു വേദിയില്‍ വച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി സിവില്‍ കോഡിനെ അനികൂലിച്ച് സംസാരിച്ചതിന് പിന്നാലെ ജൂണ്‍ 27നാണ് അഖിലേന്ത്യ മുസ്‌ലിം വ്യക്തി നിയമ ബോർഡ് യോഗം ചേര്‍ന്നത്.
ഓണ്‍ലൈനായിട്ടായിരുന്നു യോഗം. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണെന്നും അതിനെ എതിര്‍ക്കണമെന്നും യോഗം തീരുമാനിച്ചിരുന്നു. നിയമ കമ്മിഷന് മുന്നില്‍ തങ്ങളുടെ നിലപാടുകള്‍ അവതരിപ്പിച്ച് കൊണ്ട് നിയമം നടപ്പിലാക്കാനുള്ള സര്‍ക്കാന്‍ നീക്കത്തെ ചെറുക്കാനാണ് അഖിലേന്ത്യ മുസ്‌ലിം വ്യക്തി നിയമ ബോർഡ് ധാരണയിലെത്തിയത്. അതിന്‍റെ ഭാഗമായാണ് നിയമ പരിധിയില്‍ നിന്ന് ന്യൂനപക്ഷങ്ങളെ ഒഴിവാക്കണമെന്നുള്ള ആവശ്യം നിയമ കമ്മിഷന് മുന്നില്‍ ഉന്നയിച്ചിരിക്കുന്നത്.