ചെന്നൈ: എഐഎഡിഎംകെയുടെ ഇടക്കാലെ ജനറല്‍ സെക്രട്ടറി ഇപിഎസ് എന്ന് വിളിക്കുന്ന എടപ്പാടി പളനിസ്വാമിക്ക് തിരിച്ചടിയായി മദ്രാസ് ഹൈക്കോടതി വിധി . സംഘടനാ രംഗത്ത് എഐഎഡിഎംകെയില്‍ ജൂണ്‍ 23 വരെ നിലനിന്ന സ്ഥിതി തുടരണമെന്നാണ് മദ്രാസ് ഹൈക്കോടതി ഉത്തരവ്. ജസ്റ്റീസ് ജി ജയചന്ദ്രന്‍ പുറപ്പെടുവിച്ച വിധി ജൂലൈ 11ന് നടന്ന ജനറല്‍കൗണ്‍സില്‍(ജിസി) മീറ്റിങ് ഫലത്തില്‍ അസാധുവാക്കിയിരിക്കുകയാണ്.
ജൂലൈ11ന് നടന്ന ജിസി മീറ്റിങ്ങിലാണ് ഇപിഎസിന്‍റെ എതിരാളിയായ ഒപിഎസ് എന്ന് വിളിക്കുന്ന ഒ പനീര്‍സെല്‍വത്തെ എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കിയത്. ആ യോഗത്തില്‍ തന്നെയാണ് ഇപിഎസിനെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നതും. പാര്‍ട്ടിയിലെ കൊ-കോര്‍ഡിനേറ്റര്‍ക്കും ജോയിന്‍റ് കൊ-കോര്‍ഡിനേറ്റര്‍ക്കും മാത്രമെ ജിസി മീറ്റിങ് വിളിക്കാനുള്ള അവകാശമുള്ളൂ എന്നാണ് കോടതി വ്യക്തമാക്കിയത്. ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ നിരീക്ഷകനെ വെക്കണമെന്ന നിര്‍ദേശവും കോടതി മുന്നോട്ടുവച്ചു.
ഒപിഎസും ജനറല്‍കൗണ്‍സില്‍ മെമ്പര്‍ വൈരമുത്തുവും നല്‍കിയ സിവില്‍ കേസിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവ്. കോ കോര്‍ഡിനേറ്റര്‍ സ്ഥാനം ഒപിഎസും ജോയിന്‍റ് കോ-കോര്‍ഡിനേറ്റര്‍ സ്ഥാനം ഇപിഎസുമാണ് വഹിച്ചിരുന്നത്. ജൂലൈ 11ന് നടന്ന ജിസി യോഗം ആസാധുവാക്കിയതിലൂടെ പാര്‍ട്ടിയിലെ ഈ സ്ഥാനങ്ങള്‍ ഇപ്പോഴും തുടരന്നുവെന്ന് ഒപിഎസിന്‍റെ അഭിഭാഷകന്‍ പറഞ്ഞു. കോടതി വിധി ഒ പനീര്‍സെല്‍വത്തിന്‍റെ അനുയായികള്‍ പടക്കം പൊട്ടിച്ചു മറ്റും ആഘോഷമാക്കി.
കൊ-കോര്‍ഡിനേറ്റര്‍ എന്ന നിലയിലും ജോയിന്‍റ് കൊ-കോര്‍ഡിനേറ്റര്‍ എന്ന നിലയിലും ഒപിഎസും ഇപിഎസും ചേര്‍ന്ന് വിളിച്ച് ചേര്‍ത്ത ജിസി യോഗം അവസാനമായി നടന്നത് ജൂണ്‍ 23നാണ്. ഈ യോഗത്തില്‍ പാര്‍ട്ടിയിലെ ഇരട്ട നേതൃത്വം അവസാനിപ്പിക്കണമെന്ന തീരുമാനം എടുത്തിരുന്നു. ഈ തീരുമാനം ഇപിഎസിന് അനുകൂലമായിരുന്നു. എന്നാല്‍ ജൂലൈ 11ന് നടന്ന ജിസി യോഗത്തിന് ഒപിഎസിന്‍റെ അനുമതിയുണ്ടായിരുന്നില്ല.