ചെന്നൈ: തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ എഐഎഡിഎംകെ സഖ്യകക്ഷിയായ പട്ടാലി മക്കൽ കച്ചിയുമായി സീറ്റ് പങ്കിടല്‍ ധാരണയിലെത്തി. ചര്‍ച്ചകളില്‍ എഐഎഡിഎംകെ 23 സീറ്റുകളാണ് പിഎംകെക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. ജോയിന്‍റ് കോർഡിനേറ്റർ എടപ്പാടി കെ പളനിസ്വാമിയുടെ സാന്നിധ്യത്തിൽ എഐഎഡിഎംകെയുടെ കോർഡിനേറ്റർ ഓ പന്നീർസെൽവമാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. പ്രഖ്യാപനം നടക്കുമ്പോൾ പിഎംകെയുടെ അൻബുമണി രാമദോസും ഉണ്ടായിരുന്നു. നിയോജകമണ്ഡലങ്ങളുടെ വിശദാംശങ്ങൾ ഇനിയും സ്ഥിരീകരിച്ചിട്ടില്ലെന്ന് പനീർസെൽവം പറഞ്ഞു.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തമിഴ്‌നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചതോടെയാണ് സീറ്റ് ചര്‍ച്ചകള്‍ക്ക് തുടക്കമായത്. ഞായറാഴ്ച തമിഴ്‌നാട്ടിലെത്തുന്ന അമിത് ഷായെ പനീര്‍ശെല്‍വവും പളനിസ്വാമിയും നേരിട്ട് കണ്ട് ചര്‍ച്ചകള്‍ തുടരും. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പിഎംകെ ഒറ്റയ്ക്ക് മത്സരിച്ചെങ്കിലും ഒരു സീറ്റ് പോലും നേടാതെ പരാജയപ്പെടുകയായിരുന്നു. ഏപ്രിൽ ആറിന് തമിഴ്‌നാട്ടില്‍ വോട്ടെടുപ്പും മെയ് രണ്ടിന് വോട്ടെണ്ണലും നടക്കും. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായാണ് നടക്കുക.