ചെന്നൈ: ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്‌ദാനങ്ങൾ പൂർത്തീകരിച്ചതായി മുഖ്യമന്ത്രി കെ.പളനിസ്വാമി. അതേ സമയം 2006ൽ ഡി.എം.കെ ഭൂരഹിതരായ പാവപ്പെട്ട കുടുംബങ്ങൾക്ക് രണ്ട് ഏക്കർ ഭൂമി വീതം നൽകാമെന്ന് വാഗ്‌ദാനം ചെയ്തിരുന്നുവെന്നും എന്നാൽ ആ വാഗ്‌ദാനം നടപ്പാക്കിയിട്ടില്ല എന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം എ.ഐ.എ.ഡി.എം.കെ സ്ഥാപകനും അന്തരിച്ച മുൻ മുഖ്യമന്ത്രിയുമായ എം.ജി രാമചന്ദ്രന്‍റെ കാലം മുതൽ തന്നെ തങ്ങളുടെ പാർട്ടി എല്ലാ വാഗ്‌ദാനങ്ങളും പാലിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി 24ന് അന്തരിച്ച മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ 73-ാം ജന്മവാർഷികം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി മുനിസിപ്പൽ അഡ്‌മിനിസ്‌ട്രേഷൻ മന്ത്രി എസ്.പി വേലുമണി സംഘടിപ്പിച്ച 123 ദമ്പതികളുടെ സമൂഹ വിവാഹത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. താലിക്ക് തങ്കം, അമ്മ ഇരുചക്രവാഹന പദ്ധതി തുടങ്ങി നിരവധി പദ്ധതികൾ സ്ത്രീകളുടെ ക്ഷേമത്തിനായി ജയലളിത നടപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കെ.പളനിസ്വാമി പറഞ്ഞു.