ആഗ്ര: താജ്‌മഹലിന് കെട്ടിട നികുതി അടക്കണമെന്നാവശ്യപ്പെട്ട് ആഗ്ര മുന്‍സിപ്പല്‍ കോര്‍പറേഷന്‍ (എഎംസി) ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയ്‌ക്ക്(എഎസ്‌ഐ) നോട്ടിസ് അയച്ചു. കഴിഞ്ഞ മാസം 25നാണ് കോർപ്പറേഷന്‍റെ ടാക്‌സ് അസസ്‌മെന്‍റ് ഓഫിസർ നോട്ടിസ് നല്‍കിയത്.
എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കോര്‍പറേഷന് നോട്ടിസ് ലഭിച്ചത്. 15 ദിവസത്തിനകം നികുതി അടക്കണമെന്നാണ് നോട്ടിസില്‍ അറിയിച്ചിട്ടുള്ളത്. താജ്‌മഹലിന് പുറമെ യമുന നദിക്ക് കുറുകെയുള്ള സ്‌മാരകമായ എത്‌മാദ് -ഉദ്-ദൗളയ്‌ക്കും നികുതി അടക്കണമെന്ന് ഓഫിസര്‍ നോട്ടിസില്‍ വ്യക്തമാക്കി.
അതേസമയം ഒരു നൂറ്റാണ്ടിനിടെ ആദ്യമായാണ് ഇത്തരമൊരു നോട്ടിസ് ലഭിച്ചിരിക്കുന്നതെന്നും എഎസ്‌ഐ പറയുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തെ നികുതി തുക 11,098 രൂപയാണ്. സായി കണ്‍സ്‌ട്രക്ഷന്‍ കമ്പനി നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് നികുതി അടക്കാനാവശ്യപ്പെട്ട് നോട്ടിസ് നല്‍കിയതെന്ന് അസിസ്റ്റന്‍റ് മുനിസിപ്പൽ കമ്മിഷണറും താജ്‌ഗഞ്ച് സോണൽ ഇൻചാർജുമായ സരിത സിങ് പറഞ്ഞു.
താജ്‌മഹല്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ സ്‌മാരകങ്ങളുടെയും സംരക്ഷണം മാത്രമാണ് തങ്ങള്‍ ഏറ്റെടുത്തിരിക്കുന്നതെന്ന് എഎസ്ഐയുടെ സൂപ്രണ്ടിങ് ആർക്കിയോളജിസ്റ്റ് രാജ്‌കുമാർ സർക്കാർ പറഞ്ഞു. 1920 മുതലാണ് താജ്‌മഹലിനെ ദേശീയ പ്രധാന്യമുള്ള സംരക്ഷിത സ്‌മാരകമായി പ്രഖ്യാപിക്കുകയും ലോകത്തിലെ മഹാത്ഭുതങ്ങളില്‍ ഉള്‍പ്പെടുത്തുകയും ചെയ്‌തത്.