ഗാസിപൂർ (ഉത്തർപ്രദേശ്): അഗ്നിപഥ് പദ്ധതിയ്‌ക്കെതിരായ പ്രതിഷേധത്തെ തുടർന്ന് ഗാസിപ്പൂരിന് സമീപമുള്ള സമാനിയ റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിയ ട്രെയിനിൽ യാത്രക്കാരി പ്രസവിച്ചു. ദനാപൂർ-ആനന്ദ് വിഹാർ ട്രെയിനിലാണ് സംഭവം. മൊറാദാബാദിൽ നിന്ന് ഭഗൽപൂരിലേക്ക് പോകുകയായിരുന്നു യുവതി. ബിഹാർ സ്വദേശി ഗുഡിയ ദേവിയാണ് (28) യാത്രയ്ക്കിടെ ട്രെയിനിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്.
വൈദ്യസഹായം ലഭ്യമാകാതെ ട്രെയിനിന്‍റെ ഡി-17 കോച്ചിനുള്ളിലാണ് യുവതി പ്രസവിച്ചത്. വിവരമറിഞ്ഞെത്തിയ റെയിൽവേ ഉദ്യോഗസ്ഥർ യുവതിയേയും പെൺകുഞ്ഞിനെയും സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. അതേസമയം, അതേ ട്രെയിനിൽ ഹൃദയസംബന്ധമായ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് പോവുകയായിരുന്ന യാത്രക്കാരൻ ഹൃദയാഘാതം മൂലം ട്രെയിനിൽ വച്ച് മരിച്ചു.
55കാരനായ രാമേശ്വർ ആണ് മരിച്ചത്. ബിഹാറിലെ പട്‌നയ്ക്ക് സമീപം ട്രെയിൻ കുടുങ്ങിയതോടെ കടുത്ത ചൂടിൽ രാമേശ്വറിന്‍റെ ആരോഗ്യനില വഷളാകാൻ തുടങ്ങുകയായിരുന്നുവെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. വിവരം റെയിൽവേ ഉദ്യോഗസ്ഥരെ അറിയിക്കുകയും സീനിയർ ഡിവിഷണൽ മാനേജർ ഭരത് ഭാർഗവയുടെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ റെയിൽവേ ഉദ്യോഗസ്ഥരുടെ സംഘം സ്ഥലത്തെത്തി ആംബുലൻസിൽ ഇയാളെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഡൽഹിയിൽ ജോലി ചെയ്‌തിരുന്ന രാമേശ്വർ ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് സഫ്‌ദർജങ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിൽ ചികിത്സയ്‌ക്കായി പോകുന്നതിനിടെയാണ് പ്രതിഷേധത്തെ തുടർന്ന് ട്രെയിൻ തടഞ്ഞുവച്ചതെന്ന് രാമേശ്വറിന് ഒപ്പമുണ്ടായിരുന്ന രാകേഷ് എന്നയാൾ ഇടിവി ഭാരതിനോട് പറഞ്ഞു.
അഗ്നിപഥിനെതിരായ പ്രതിഷേധത്തെ തുടർന്ന് ഉത്തർപ്രദേശിൽ മിക്ക സ്ഥലങ്ങളിലും ട്രെയിൻ ഗതാഗതം താറുമാറിയിരിക്കുകയാണ്. മിക്ക ട്രെയിനുകളും റെയിൽവേ സ്റ്റേഷനുകളിൽ കുടുങ്ങിക്കിടക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാർ വളരെയേറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. ദനാപൂർ-ആനന്ദ് വിഹാർ ട്രെയിൻ സമാനിയ റെയിൽവേ സ്റ്റേഷനിൽ ഏഴു മണിക്കൂറിലേറെയായി കുടുങ്ങിക്കിടക്കുകയാണ്.
Also Read: അണയാതെ അഗ്നിപഥ്: ബിഹാറില്‍ വാഹനം കത്തിച്ചു, കര്‍ണാടകയില്‍ ലാത്തിചാര്‍ജ്