പാനിപത്ത് (ഹരിയാന): ഹരിയാനയിലെ പാനിപത്ത് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനുകള്‍ എത്തുമ്പോള്‍ അതുവരെ ചടഞ്ഞിരുന്ന കിഷന്‍ ചന്ദ് ഉഷാറാകും. ട്രെയിനില്‍ നിന്ന് വലിയ ബാഗുകളോ പെട്ടികളോ കൊണ്ടിറങ്ങുന്ന ആളുകളെ തെരഞ്ഞ് അയാള്‍ ട്രെയിനിന് അടുത്തേക്ക് വേഗത്തില്‍ പാഞ്ഞടുക്കും. പിന്നീട് കാണുക ആള്‍ക്കൂട്ടത്തിനിടയില്‍ കൂടി വളരെ ലാഘവത്തോടെ വലിയ ചുമടുമായി നടന്നു നീങ്ങുന്ന കിഷന്‍ ചന്ദിനെ ആകും. ചുളിവു വീണ അയാളുടെ മുഖത്തും ചുവപ്പ് പടര്‍ന്ന കണ്ണുകളിലും പക്ഷേ പ്രായത്തിന്‍റെ യാതൊരു വേവലാതിയും കടന്നുകയറിയിട്ടില്ല. 91-ാം വയസിലും കര്‍മനിരതനാണ് കിഷന്‍ ചന്ദ്.
സ്ഥിരമായി പാനിപത്ത് റെയില്‍വേ സ്റ്റേഷനിലെത്തുന്ന യാത്രക്കാര്‍ക്കിടയില്‍ കിഷന്‍ ചന്ദിന് ഒരു ആമുഖത്തിന്‍റെയും ആവശ്യമില്ല. ചുളുങ്ങിയ കുര്‍ത്തയ്‌ക്കും നിറം മങ്ങിയ പൈജാമയ്‌ക്കും മുകളില്‍ കടും ചുവപ്പ് നിറത്തിലുള്ള സ്വെറ്റര്‍, തലയില്‍ ഷാളുകൊണ്ട് മുറുക്കിയൊരു കെട്ട്. ഈ വേഷത്തിലാണ് കിഷന്‍ ചന്ദിനെ പതിവായി കാണുക. ഇത് കിഷന്‍ ചന്ദിന്‍റെ കഥയാണ്, പാനിപത്ത് റെയില്‍വേ സ്റ്റേഷനിലെ ഏറ്റവും പ്രായം കൂടിയ പോര്‍ട്ടര്‍ കിഷന്‍ ചന്ദിന്‍റെ കഥ.
വിഭജന കാലത്ത് ഇന്ത്യയിലെത്തിയ 15 കാരന്‍: വിഭജന കാലത്ത് പാകിസ്ഥാനിലെ ഖെലയ്യ ജില്ലയില്‍ നിന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്‌തതായിരുന്നു കിഷന്‍ ചന്ദിന്‍റെ കുടുംബം. അന്നത്തെ ആ 15 വയസുകാരന്‍ കുടുംബം പുലര്‍ത്തുന്നതിനു വേണ്ടി റെയില്‍വേ സ്റ്റേഷനില്‍ ജോലി ആരംഭിച്ചു. ജോലി ആരംഭിച്ച കാലത്ത് മൂന്നോ നാലോ ട്രെയിനുകള്‍ മാത്രം കടന്നു പോകുന്ന ഒരു ചെറിയ സ്റ്റേഷനായിരുന്നു പാനിപത്ത് എന്ന് കിഷന്‍ ചന്ദ് ഓര്‍ക്കുന്നു. താമസത്തിന് സ്ഥലമൊന്നും ശരിയാകാതെ വന്നതോടെ പാനിപത്ത് റെയില്‍വേ സ്റ്റേഷനില്‍ തന്നെ കിഷനും കുടുംബവും താമസം ആരംഭിച്ചു. '1947 ല്‍ ഇവിടെ ജോലി ആരംഭിക്കുമ്പോള്‍ എനിക്ക് 15 വയസാണ് പ്രായം. ഇന്നെനിക്ക് 91 വയസുണ്ട്. ഇപ്പോഴും ഇവിടെ ജോലി ചെയ്യുകയാണ്. യാത്രക്കാരുടെ ലെഗേജ് ചുമന്ന് പണം സമ്പാദിച്ചാണ് ഞാന്‍ എന്‍റെ കുട്ടികളെ വളര്‍ത്തിയത്', കിഷന്‍ ചന്ദ് പറഞ്ഞു.
ഒരു രൂപയ്‌ക്ക് ജോലി ചെയ്‌ത കാലം: കല്‍ക്കരി എഞ്ചിനുകളില്‍ ട്രെയിന്‍ ഓടിക്കൊണ്ടിരുന്ന കാലത്ത് എഞ്ചിനില്‍ കല്‍ക്കരി നിറക്കുന്ന ജോലി ചെയ്‌തിട്ടുണ്ട് കിഷന്‍ ചന്ദ്. അന്ന് കൂലിയായി ഒരു രൂപയാണ് ലഭിച്ചിരുന്നതെന്ന് കിഷന്‍ ചന്ദ് ഓര്‍ക്കുന്നു. 'കുടുംബം പുലര്‍ത്തണമെങ്കില്‍ ഒന്നുകില്‍ ഭിക്ഷ യാചിക്കണമായിരുന്നു. അല്ലെങ്കില്‍ ചുമടെടുക്കണം. ഭിക്ഷ യാചിക്കാന്‍ ഞാന്‍ ഒരിക്കലും തയ്യാറായിരുന്നില്ല. അതുകൊണ്ട് ഞാന്‍ പോര്‍ട്ടറാകാന്‍ തീരുമാനിച്ചു. ചുമടെടുത്ത് എന്‍റെ കുട്ടികളെ ഞാന്‍ വളര്‍ത്തി', പറഞ്ഞു തീര്‍ന്നപ്പോള്‍ കിഷന്‍ ചന്ദിന്‍റെ കണ്ണില്‍ ആത്‌മനിര്‍വൃതിയുടെ തിളക്കം ഉണ്ടായിരുന്നു.
തന്‍റെ ജോലി ഒരിക്കലും സുരക്ഷിതമായിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. ചില ദിവസങ്ങളില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ വരുമാനം ലഭിക്കും. ചിലപ്പോള്‍ നേരെ മറിച്ചാകും. 400 രൂപയൊക്കെ കിട്ടിയ ദിവസങ്ങള്‍ ഉണ്ട് കിഷന്‍ ചന്ദിന്‍റെ ജീവിതത്തില്‍. വെറും കൈയോടെ മടങ്ങിയ ദിവസങ്ങളും ഏറെയാണ്.
സര്‍ക്കാരിന്‍റെ പട്ടികയില്‍ നിന്നും പുറത്ത്: 'ലാലു പ്രസാദ് യാദവും രാം വിലാസ് പസ്വാനും റെയിൽവേ മന്ത്രിമാരായിരുന്ന കാലത്ത് റെയിൽവേ പോർട്ടർമാർക്ക് ജോലി നൽകാനുള്ള നിർദേശം പാസാക്കി. പക്ഷേ, 50 വയസിന് താഴെയുള്ള പോർട്ടർമാർക്കാണ് ജോലി ലഭിച്ചത്. നിര്‍ഭാഗ്യവശാല്‍ എനിക്ക് അന്ന് 50 വയസ് കഴിഞ്ഞിരുന്നു. സര്‍ക്കാര്‍ സഹായമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. വർഷം തോറും 90 രൂപ അടച്ചാണ് ഞാൻ ഇപ്പോഴും ലൈസൻസ് പുതുക്കുന്നത്', അല്‍പം നീരസത്തോടെയാണ് കിഷൻ ചന്ദ് ഇത് പറഞ്ഞത്.
റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന യാത്രക്കാര്‍ക്ക് മാത്രമല്ല സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കും ഉപകാരിയാണ് കിഷന്‍ ചന്ദ്. '1992ലാണ് ഞാന്‍ ഇവിടെ നിയമിതനായത്. അന്നുമുതല്‍ കാണുന്നതാണ് കിഷന്‍ ചന്ദിന്‍റെ കഠിനാധ്വാനം. അര്‍പ്പണ മനോഭാവത്തോടെ ജോലി ചെയ്യുന്ന ആളാണ് അദ്ദേഹം. പലരും പ്രായമാകുമ്പോള്‍ മക്കളെ ആശ്രയിച്ച് ജീവിക്കുന്നതാണ് നാം കാണുന്നത്. എന്നാല്‍ അദ്ദേഹം 91-ാം വയസിലും കഠിനാധ്വാനം ചെയ്‌താണ് ജീവിക്കുന്നത്. വളരെ സത്യസന്ധനും ദയയുള്ള ആളുമാണ് കിഷന്‍ ചന്ദ്', പാനിപത്ത് റെയില്‍വേ പൊലീസ് സബ് ഇന്‍സ്‌പെക്‌ടര്‍ കൃഷന്‍ കുമാര്‍ പറയുന്നു.
കിഷന്‍ ചന്ദിന് പ്രായം വെറും അക്കം: നാല് ആണ്‍മക്കളാണ് കിഷന്‍ ചന്തിന്. ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന മക്കളെ ബുദ്ധിമുട്ടിക്കാന്‍ തയ്യാറല്ല കിഷന്‍ ചന്ദ്. രാവിലെ എട്ട് മണിക്ക് സ്റ്റേഷനില്‍ എത്തി ജോലി ആരംഭിച്ചാല്‍ രാത്രി ഒമ്പത് മണിക്കാണ് കിഷന്‍ ചന്ദ് ജോലി അവസാനിപ്പിക്കുന്നത്. അതുവരെ വിശ്രമമില്ലാതെ ഈ വൃദ്ധന്‍ ജോലി ചെയ്യുന്നു. വരുമാനം കുറവാണെങ്കിലും പരാതിയൊന്നുമില്ല കിഷന്‍ ചന്ദിന്. പ്രായം വെറുമൊരു അക്കം മാത്രമാണെന്ന് തെളിയിക്കുകയാണ് കിഷന്‍ ചന്ദിന്‍റെ ചിരിക്കുന്ന മുഖം.