ന്യൂഡല്‍ഹി : ശ്രദ്ധ വാക്കര്‍ കൊലക്കേസിലെ പ്രതിയായ അഫ്‌താബ് പൂനവാലയുടെ കൊടും ക്രൂരതയില്‍ ഞെട്ടി പുതിയ പെണ്‍സുഹൃത്ത്. കൊലപാതകം നടന്ന മാസം രണ്ടുതവണ താന്‍ അഫ്‌താബിന്‍റെ വീട്ടില്‍ പോയിരുന്നുവെന്നും എന്നാല്‍ നിഷ്ഠൂരമായ നരഹത്യ സംബന്ധിച്ച് ഒരു സൂചനയുമുണ്ടായിരുന്നില്ലെന്നും പെണ്‍സുഹൃത്ത് പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കി.
ശ്രദ്ധയുടെ ശരീരഭാഗങ്ങള്‍ ഫ്രിഡ്‌ജില്‍ സൂക്ഷിച്ചിരുന്നത് അറിഞ്ഞിരുന്നില്ല. അഫ്‌താബിന്‍റെ പെരുമാറ്റം പോലും സാധാരണ നിലയിലായിരുന്നു. തന്‍റെ കാര്യത്തില്‍ അഫ്‌താബ് കൂടുതല്‍ ശ്രദ്ധാലുവായിരുന്നുവെന്നും പെണ്‍കുട്ടി വിശദീകരിച്ചു.
അതേസമയം സൊമാറ്റോയിൽ ഭക്ഷണം ഓർഡർ ചെയ്‌തതിന്‍റെ തെളിവുകളടക്കം കേസില്‍ നിര്‍ണായകമാണ്. പ്രതിയായ അഫ്‌താബ് പൂനവാലയുടെ ഇന്‍റർനെറ്റ് ഹിസ്റ്ററി വിശദാംശങ്ങൾ ശേഖരിക്കുന്നതിന്‍റെ ഭാഗമായി വിവിധ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് അന്വേഷണസംഘത്തിന് ലഭിച്ചുവരുന്നത് സുപ്രധാന വിവരങ്ങളാണ്. വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ഗൂഗിൾ, ഗൂഗിൾ പേ, പേടിഎം മുതലായ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് സുപ്രധാന തെളിവുകളാണ് പൊലീസിന് ലഭ്യമാകുന്നത്.
പേടിഎം, അന്വേഷണസംഘത്തിന് നൽകിയ പ്രതികരണത്തിൽ, സൊമാറ്റോ വഴി രണ്ട് പേർക്കുള്ള ഭക്ഷണം ഓർഡർ ചെയ്‌തിരുന്ന അഫ്‌താബ് മെയ് മാസത്തിന് ശേഷം ഒരാൾക്കുള്ളത് മാത്രമേ ഓർഡർ ചെയ്‌തിട്ടുള്ളൂവെന്ന് വ്യക്തമായിട്ടുണ്ട്. പൊടുന്നനെ ഒരാള്‍ക്ക് മാത്രമായി ഭക്ഷണം ഓര്‍ഡര്‍ ചെയ്‌ത് തുടങ്ങിയെന്നത് കേസില്‍ പൊലീസിന് അവതരിപ്പിക്കാവുന്ന പുതിയ തെളിവാണ്. അതേസമയം, മൂന്ന് വർഷം മുമ്പ് അഫ്‌താബും ശ്രദ്ധയും പരിചയപ്പെട്ട ഡേറ്റിങ് ആപ്പിൽ നിന്നും പൊലീസ് വിശദാംശങ്ങൾ തേടിയിട്ടുണ്ട്.
2022 മെയ് 18ന് ഡല്‍ഹിയില്‍ വച്ചാണ് ശ്രദ്ധ വാക്കര്‍ കൊല്ലപ്പെട്ടത്. ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ അഫ്‌താബ് മൃതദേഹം 35 കഷണങ്ങളാക്കി ഫ്രിഡ്‌ജില്‍ മൂന്നാഴ്‌ചയോളം സൗത്ത് ഡല്‍ഹിയിലുള്ള വീട്ടില്‍ സൂക്ഷിച്ചതിന് ശേഷം നഗരത്തിന്‍റെ വിവിധ ഇടങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു. മാസങ്ങള്‍ക്ക് ശേഷം നവംബര്‍ 12നാണ് അഫ്‌താബ് അറസ്‌റ്റിലാകുന്നത്.