ന്യൂഡൽഹി: ആഭ്യന്തര സംഘർഷം രൂക്ഷമായ പഞ്ചാബ് കോണ്‍ഗ്രസിലെ മുതിർന്ന നേതാക്കാളുമായി കൂടിക്കാഴ്‌ച നടത്താനൊരുങ്ങി രാഹുല്‍ ഗാന്ധി. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് കോൺഗ്രസ് ഹൈക്കമാൻഡുമായി ചൊവ്വാഴ്‌ച കൂടിക്കാഴ്‌ച നടത്താനിരിക്കെയാണ് രാഹുല്‍ സംസ്ഥാന നേതാക്കളെ യോഗത്തിന് ക്ഷണിച്ചത്.
തിങ്കളാഴ്ച കോൺഗ്രസ് നേതാവ് നവജോത് സിങ് സിദ്ധു അമരീന്ദർ സിങ്ങിനെതിരെ രംഗത്തെത്തിയിരുന്നു. ക്യാപ്‌റ്റൻ കള്ളം പറയുകയാണെന്നായിരുന്നു ആരോപണം. പിന്നാലെയാണ് മുതിർന്ന നേതാക്കളെ രാഹുല്‍ ഗാന്ധി ഡല്‍ഹിയിലെ തന്‍റെ വസതിയിലേക്ക് ക്ഷണിച്ചത്. എംപി ഗുർജിത് സിങ് ഓജ്‌ല, എംഎൽഎ രാജ്കുമാർ വർക്ക, കുൽജീത് സിംഗ് നാഗ്ര, പഞ്ചാബ് കോൺഗ്രസ് ചുമതലയുള്ള ഹരീഷ് റാവത്ത് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
നേതാക്കളുടെ പ്രതികരണങ്ങൾ
പ്രസ്‌താവന ഹൈക്കമാൻഡ് വിശദമായി പരിശോദിക്കുമെന്ന് ഹരീഷ് റാവത്ത് പറഞ്ഞു. വിഷയം പാർട്ടിയിലെ മറ്റ് നേതാക്കളുമായി ചർച്ച ചെയ്യും. തുടർന്ന് അന്തിമ തീരുമാനമെടുക്കും. ക്യാപ്‌റ്റനെതിരായ സിദ്ധുവിന്‍റെ പരാമർശത്തെ റാവത്ത് വിമർശിച്ചു. പരസ്യമായി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് അദ്ദേഹം പറഞ്ഞു.
"അദ്ദേഹത്തിന്‍റെ ആവലാതികളെക്കുറിച്ച് നമുക്കെല്ലാവർക്കും അറിയാം, പക്ഷേ പാർട്ടിയുടെ പ്രതിച്ഛായയെ ദോഷകരമായി ബാധിക്കുന്ന ഈ സമയത്ത് ഇതെല്ലാം പറയുന്നതിന്റെ യുക്തി എന്താണെന്ന് എംപി ഗുർജിത് സിങ് ഓജ്‌ല ചോദിച്ചു.
ക്യാപ്റ്റനെതിരെ മോശം ഭാഷ ഉപയോഗിച്ചതിന് അദ്ദേഹം സിദ്ധുവിനെ വിമർശിച്ചു. "നമ്മുടെ സമൂഹം മുതിർന്നവരെ ബഹുമാനിക്കുന്നു, അദ്ദേഹം രണ്ടുതവണ മുഖ്യമന്ത്രിയായ നേതാവാണ്. അദ്ദേഹവും കുടുംബവും പഞ്ചാബിന്‍റെ വികസനത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിനെതിരെ അത്തരം ഭാഷ ഉപയോഗിക്കുന്നത് നിർഭാഗ്യകരമാണെന്നും ഓജ്‌ല കൂട്ടിച്ചേർത്തു.
അതേസമയം, എല്ലാ നേതാക്കളുടെയും ആവലാതികൾ പാർട്ടിയുടെ ഹൈക്കമാൻഡ് പരിശോദിക്കുന്നുണ്ടെന്നും അതിനാല്‍ സിദ്ധു ക്ഷമ കാണിക്കണമെന്നും രാജ്കുമാർ വർക്ക നിര്‍ദേശിച്ചു. ഇക്കാര്യത്തിൽ പാർട്ടി നേതാക്കളുടെ അഭിപ്രായങ്ങളും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചാബ് യൂണിറ്റിനുള്ളിലെ കലഹങ്ങൾ പരിഹരിക്കാൻ കോൺഗ്രസ് പ്രസിഡന്‍റ് രൂപീകരിച്ച മൂന്നംഗ സമിതി ഇതിനകം റിപ്പോർട്ട് സമർപ്പിച്ചു. സംഘടനാ മാറ്റങ്ങൾ സംബന്ധിച്ച അന്തിമ തീരുമാനം ഈ യോഗത്തിന് ശേഷം പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.