കൊൽക്കത്ത: ബിജെപിയിൽ ചേരാൻ വിസമ്മതിച്ചതിനാലാണ് സൗരവ് ഗാംഗുലിയെ ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്തേക്ക് വീണ്ടും പരിഗണിക്കാത്തതെന്ന ആരോപണവുമായി തൃണമൂൽ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അമിത് ഷാ ഉൾപ്പെടെയുള്ള നേതാക്കൾ ഗാംഗുലിയെ വീട്ടിലെത്തി ബിജെപിയിൽ ചേരാൻ സമ്മർദ്ദം ചെലുത്തിയെന്നും എന്നാൽ അതിന് വഴങ്ങാത്തതിനാലാണ് താരത്തെ ഒഴിവാക്കിയതെന്നും ആരോപണം ഉയർന്നിരുന്നു. ഇപ്പോൾ ആരോപണങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.
മറ്റെന്തെങ്കിലും ചെയ്യട്ടെ: വളരെകാലമായി അധികാരമുള്ള ഒരു ഭരണാധികാരിയായിരുന്നു താനെന്നും ദീർഘകാലം ഒരു പദവിയിൽ തന്നെ തുടരാനാവില്ലെന്നും ഗാംഗുലി പറഞ്ഞു. വളരെക്കാലമായി അധികാരമുള്ള ഒരു ഭരണാധികാരിയായിരുന്നു ഞാൻ. എല്ലാത്തിനും ഒരു അവസാനമുണ്ട്. ക്രിക്കറ്റ് താരമെന്ന നിലയിൽ കുറേ വർഷം കളിക്കാനായി. ക്രിക്കറ്റിന്‍റെ ഭരണത്തിലും ഞാൻ പങ്ക് വഹിച്ചു. ഇനി കുറച്ചുകാലം മറ്റെന്തെങ്കിലും ചെയ്യേണ്ടതുണ്ട്, ഗാംഗുലി പറഞ്ഞു.
ഒന്നും ഒറ്റ ദിവസം കൊണ്ട് ഉണ്ടാകുന്നവയല്ല. നരേന്ദ്രമോദി ഒറ്റ ദിവസം കൊണ്ടല്ല പ്രധാനമന്ത്രിയായത്. ദീർഘകാലത്തെ കഠിനാധ്വനത്തിന്‍റെ ഫലമാണ് സച്ചിന്‍റെ വിജയം. അഡ്‌മിനിസ്ട്രേറ്റർ എന്ന നിലയിൽ ധാരാളം സമയം ലഭ്യമാണ്. ക്രിക്കറ്റർ പുറത്തായാൽ പിന്നെ ഒരവസരം കിട്ടില്ല. എന്നാൽ അധികാരമുണ്ടെങ്കിൽ കാര്യനിർവാഹകനെന്ന നിലയിൽ പലതും മാറ്റാൻ കഴിയും, ഗാംഗുലി പറഞ്ഞു.
കൊവിഡിന് നടുവിലും ഞങ്ങൾ ഐപിഎൽ നടത്തി. അതും മറ്റൊരു രാജ്യത്ത്. കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ വനിതകൾ വെള്ളി നേടി. ഇതെല്ലാം ഇന്ത്യൻ ക്രിക്കറ്റിൽ വലിയ ഊർജമാണുണ്ടാക്കുന്നത്. ടി20 ലോകകപ്പിലും ഇന്ത്യ മികച്ച പ്രകടനം തന്നെ നടത്തും. രോഹിത് ശർമ്മയുടെ ഇന്ത്യ മികച്ച ടീമാണ്. അവർ നന്നായി കളിക്കുമെന്ന് തന്നെയാണ് എന്‍റെ പ്രതീക്ഷ. ഗാംഗുലി കൂട്ടിച്ചേർത്തു.
ഗാംഗുലിക്ക് പകരം ബിന്നി: സൗരവ് ഗാംഗുലിക്കു പകരം റോജർ ബിന്നി ബിസിസിഐ അധ്യക്ഷനാകുമെന്നാണ് പുറത്തുവരുന്ന വിവരം. ചൊവ്വാഴ്‌ച റോജർ ബിന്നി നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. എതിർ സ്ഥാനാര്‍ഥി ഇല്ലാത്തതിനാൽ റോജർ ബിന്നി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും.
ഒക്ടോബർ 18ന് മുംബൈയിൽ വച്ചാണ് ബിസിസിഐയുടെ വാർഷിക യോഗം. ജയ് ഷാ തന്നെ വീണ്ടും ബിസിസിഐ സെക്രട്ടറിയാകും. ബിസിസിഐ അധ്യക്ഷ സ്ഥാനത്തിന് പകരം ഐപിഎല്‍ ചെയർമാന്‍ സ്ഥാനം വാഗ്‌ദാനം ചെയ്യപ്പെട്ടുവെങ്കിലും ഗാംഗുലി നിരസിച്ചതായാണ് റിപ്പോർട്ട്. ഗാംഗുലി ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് എത്തുമെന്ന അഭ്യൂഹങ്ങളും ശക്‌തമാണ്. എന്നാൽ നിലവിലെ സാഹചര്യത്തില്‍ ബിസിസിഐ താരത്തെ പിന്തുണയ്ക്കാന്‍ സാധ്യത കുറവാണ്.