ന്യൂഡല്‍ഹി : ശ്രദ്ധ വാക്കറുടെ കൊലപാതകത്തിന് ശേഷം പന്ത്രണ്ടാം ദിവസം തന്നെ പ്രതി അഫ്‌താബ് പൂനവാല പുതിയ പെണ്‍സുഹൃത്തുമായി ബന്ധം സ്ഥാപിച്ചു. ഡേറ്റിങ് ആപ്പ് വഴിയാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. ഈ പെണ്‍കുട്ടിക്ക്, ശ്രദ്ധ വാക്കറിന്‍റെ മോതിരം അഫ്‌താബ് സമ്മാനിക്കുകയും ചെയ്തു. തനിക്ക് ഒക്‌ടോബര്‍ 12ന് അഫ്‌താബ് മോതിരം നല്‍കിയിരുന്നുവെന്ന് സൈക്യാട്രിസ്റ്റായ യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. തുടര്‍ന്നാണ് ഇത് ശ്രദ്ധയുടെ മോതിരമാണെന്ന കണ്ടെത്തലിലേക്ക് പൊലീസ് എത്തിയത്.
പൊലീസ് മോതിരം വീണ്ടെടുത്ത് ഇവരുടെ വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അഫ്‌താബിന് വിവിധ ഡേറ്റിങ് ആപ്പുകള്‍ വഴി 15 മുതല്‍ 20 സ്‌ത്രീകളുമായി ബന്ധമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. മെയ് 30ന് ശ്രദ്ധയുടെ കൊലപാതകം നടന്ന് 12 ദിവസത്തിന് ശേഷം പ്രതി പുതിയ ബന്ധം സ്ഥാപിച്ചെന്ന് ഡേറ്റിങ് ആപ്പില്‍ നിന്നാണ് പൊലീസ് മനസ്സിലാക്കിയത്.
ഒക്‌ടോബറില്‍ താന്‍ രണ്ട് തവണ അഫ്‌താബിനെ വീട്ടിലെത്തി കണ്ടിരുന്നുവെന്നും അവിടെ കൊലപാതകം നടന്നതിന്‍റെയോ ശരീരഭാഗങ്ങള്‍ സൂക്ഷിച്ചിരുന്നതിന്‍റെയോ യാതൊരു വിധ സൂചനകളും ഉണ്ടായിരുന്നില്ലെന്നും യുവതി പൊലീസിനോട് പറഞ്ഞു. മാത്രമല്ല, അഫ്‌താബിന്‍റെ പെരുമാറ്റത്തില്‍ പോലും യാതൊരു മാറ്റവും ഉണ്ടായിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.
'പെര്‍ഫ്യൂമുകളുടെ വലിയ ശേഖരം തന്നെ അഫ്‌താബിനുണ്ടായിരുന്നു. തനിക്ക് അതില്‍ നിന്ന് ഒരു പെര്‍ഫ്യൂം സമ്മാനമായി നല്‍കിയിരുന്നു. അമിതമായി പുക വലിക്കുന്ന ശീലമുള്ളയാളാണ് അഫ്‌താബ്. അത് അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അഫ്‌താബ് തന്നോട് നിരന്തരം പറയുകയും ചെയ്യുമായിരുന്നു. വ്യത്യസ്‌ത തരത്തിലുള്ള ഭക്ഷണത്തോട് അഫ്‌താബിന് വളരെയധികം ഇഷ്‌ടമായിരുന്നു.
വിവിധ റസ്‌റ്റോറന്‍റുകളില്‍ നിന്ന് നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ ഓര്‍ഡര്‍ ചെയ്‌ത് കഴിക്കാറുണ്ടായിരുന്നു. ഷെഫുമാര്‍ ഭക്ഷണം അലങ്കരിക്കുന്ന രീതിയെക്കുറിച്ച് അഫ്‌താബ് ഇടയ്ക്കിടെ പറയാറുണ്ടായിരുന്നുവെന്നും അവര്‍ പൊലീസിന് മൊഴി നല്‍കി. അഫ്‌താബിന്‍റെ ക്രൂരതയുടെ നടുക്കത്തിലായ യുവതിയ്‌ക്ക് നിലവില്‍ കൗണ്‍സിലിങ് നല്‍കി വരികയാണ്.