ന്യൂഡല്‍ഹി : നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ വിവിധ മേഖലകളില്‍ സൈന്യത്തിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന അഫ്‌സ്‌പ (Armed Force Special Power Act -AFSPA ) നിയമം ആറ് മാസത്തേക്ക് കൂടി നീട്ടി കേന്ദ്ര സര്‍ക്കാര്‍. ചൈന-മ്യാന്‍മര്‍ അതിര്‍ത്തിയിലുള്ള രണ്ട് സംസ്ഥാനങ്ങളിലെയും ക്രമസമാധാന നില അവലോകനം ചെയ്‌തതിന് ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തതെന്ന് ചൊവ്വാഴ്‌ച (സെപ്‌റ്റംബര്‍ 26) കേന്ദ്രം അറിയിച്ചു (AFSPA Extended In Nagaland And Arunachal). അതേസമയം അഫ്‌സ്‌പ നീട്ടിയിട്ടുള്ള മേഖലകളില്‍ ക്രമസമാധാന പാലനത്തിന് ആവശ്യമെന്ന് തോന്നിയാല്‍ വെടിയുതിര്‍ക്കുക, അറസ്റ്റ് ചെയ്യുക തുടങ്ങിയ അധികാരങ്ങള്‍ പ്രയോഗിക്കുന്നതിനും കേന്ദ്രം നിര്‍ദേശം നല്‍കി.
വര്‍ഷങ്ങളായി അരുണാചല്‍-നാഗാലാന്‍ഡ് (Nagaland, Arunachal Pradesh AFSPA) എന്നിവിടങ്ങളിലെ ഏതാനും ജില്ലകളിലും പൊലീസ് സ്റ്റേഷന്‍ പരിധികളിലും അഫ്‌സ്‌പ പ്രാബല്യത്തിലുണ്ട്. 2023 ഏപ്രില്‍ 1 മുതല്‍ ആറ് മാസത്തേക്ക് നാഗാലാന്‍ഡിനെ സംഘര്‍ഷ പ്രദേശമായി പ്രഖ്യാപിച്ചിരുന്നു. 1958 ലെ സായുധ സേന നിയമത്തിലെ സെക്ഷന്‍ 3 പ്രകാരമുള്ള അധികാരം വിനിയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ അന്ന് നാഗാലാന്‍ഡിലെ എട്ട് ജില്ലകളും മറ്റ് 5 ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷന്‍ പരിധികളുമാണ് സംഘര്‍ഷ മേഖലയായി പ്രഖ്യാപിച്ചത്. നാഗാലാന്‍ഡിലെ ക്രമസമാധാന നിലയെ കുറിച്ച് കൂടുതല്‍ അവലോകനം നടത്തിയതിന് ശേഷമാണ് നിലവില്‍ ഈ മേഖലകളെ സംഘര്‍ഷ പ്രദേശമായി പ്രഖ്യാപിച്ചത്.
നാഗാലാന്‍ഡിലെ ദിമാപൂര്‍, നിയുലാന്‍ഡ്, ചുമൗകെദിമ, മോണ്‍, കിഫിര്‍, നോക്ലാക്, ഫെക്, പെരെന്‍ ജില്ലകളും കൊഹിമ ജില്ലയിലെ ഖുസാമ, കൊഹിമ നോര്‍ത്ത്, കൊഹിമ സൗത്ത്, സുബ്‌സ, കെസേച്ച, എന്നിവിടങ്ങളും വോഖ ജില്ലയിലെ ഭണ്ഡാരി, ചമ്പാങ്, റാലാന്‍ എന്നീ പൊലീസ് സ്റ്റേഷന്‍ പരിധി, സുൻഹെബോട്ടോ ജില്ലയിലെ ഘടാഷി, പുഗോബോട്ടോ, സതഖ, സുരുഹുതോ, സുൻഹെബോട്ടോ, അഘുനാറ്റോ എന്നീ പൊലീസ് സ്റ്റേഷന്‍ പരിധികളുമാണ് സംഘര്‍ഷ മേഖലയായി പ്രഖ്യാപിച്ചത്.
അതേസമയം അരുണാചല്‍ പ്രദേശിലെ തിരാപ്, ചാങ്‌ലാങ്, ലോംങ്‌ഡിങ് എന്നീ ജില്ലകളും നാംസായ് ജില്ലയിലെ നാംസായ്, മഹാദേവപൂര്‍, ചൗഖാം എന്നീ പൊലീസ് സ്റ്റേഷന്‍ പരിധി മേഖലകളുമാണ് സംഘര്‍ഷ മേഖലയായി പ്രഖ്യാപിച്ചത്. നാഗാലാന്‍ഡിലും അരുണാചല്‍ പ്രദേശിലും കച്ചിന്‍ ഇന്‍ഡിപെന്‍ഡന്‍ഡ് ആര്‍മിയുടെ (Kachin Independent Army) നീക്കങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചൈനയിലെ യുനാന്‍, വടക്ക് കിഴക്കന്‍ ഇന്ത്യ, മ്യാന്‍മറിലെ കച്ചിന്‍ സംസ്ഥാനം എന്നിവിടങ്ങളിലെ ആറ് ഗോത്രങ്ങളുടെ കൂട്ടായ്‌മയാണ് കച്ചിന്‍സ്.