ന്യൂഡൽഹി : അഫ്‌ഗാനിലെ താലിബാൻ മുന്നേറ്റത്തിന് പിന്നാലെ പാക്-താലിബാൻ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി ഡല്‍ഹിയില്‍ അഫ്‌ഗാൻ അഭയാർഥികളുടെ പ്രകടനം. 'പാകിസ്ഥാനും ഭീകരതയും നാണയത്തിന്‍റെ രണ്ട് വശങ്ങൾ', 'ഐഎസ്ഐ അഫ്‌ഗാൻ വിടുക' തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം.
പാക് സൈനികരാൽ കൊല്ലപ്പെട്ട അഫ്‌ഗാനിലെ തങ്ങളുടെ ബന്ധുക്കൾക്കുവേണ്ടിയും അവിടുത്തെ ഐഎസ്ഐ ഇടപെടലിന് എതിരെയുമാണ് പ്രകടനമെന്ന് പ്രതിഷേധിച്ചവര്‍ പറയുന്നു. താലിബാനും പാക് രഹസ്യാന്വേഷണ സംഘടനയായ ഐഎസ്ഐയ്‌ക്കും എതിരെ നടക്കുന്ന പ്രക്ഷോഭത്തിൽ ഇന്ത്യയുടെ പിന്തുണയും സഹകരണവും ആവശ്യമാണെന്നും ഇവര്‍ കൂട്ടിച്ചേർത്തു.
ALSO READ: പാകിസ്ഥാന്‍റെ അഫ്ഗാൻ സമീപനം നിരീക്ഷിക്കുമെന്ന് യു.എസ്
സ്വാതന്ത്ര്യം, മനുഷ്യാവകാശം, പൗരാവകാശം എന്നിവയ്‌ക്കൊപ്പം സ്‌ത്രീകളുടെ അവകാശങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജർമനിയിലെ അഫ്‌ഗാൻ പൗരരും കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
കൂടാതെ കാബൂളിൽ താലിബാൻ മുന്നേറ്റം നടത്തിയ സാഹചര്യത്തിലും താലിബാനെ സഹായിക്കുന്നതിൽ പാകിസ്ഥാന്‍റെ പങ്കിനെതിരെയും ലോകത്തിന്‍റെ പല ഭാഗത്തും പാക് വിരുദ്ധ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു.
യുഎസ്, ഓസ്‌ട്രേലിയ, കാനഡ, യുകെ, ഓസ്ട്രിയ തുടങ്ങി നിരവധി രാജ്യങ്ങളാണ് താലിബാൻ മുന്നേറ്റത്തെ അപലപിച്ചുകൊണ്ട് രംഗത്തുവന്നത്. അഫ്‌ഗാനിലെ പ്രോക്‌സി യുദ്ധത്തിന് പാകിസ്ഥാനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു.