ബെംഗളൂരു: ഇന്ത്യൻ വ്യോമസേന (ഐ.എ.എഫ്) മേധാവി എയർ ചീഫ് മാർഷൽ ആർകെഎസ് ബദൗരിയ താജികിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഫ്രാൻസിൽ നിന്നുള്ള ഒരു പ്രതിനിധി സംഘവുമായും ചർച്ച നടത്തി. എയ്‌റോ ഇന്ത്യ 2021ന്‍റെ അവസാന ദിനത്തിലാണ് പ്രത്യേകം വിളിച്ചു ചേർത്ത യോഗങ്ങളിലായി വ്യോമസേന മേധാവി ചർച്ച നടത്തിയത്.
ബംഗ്ലാദേശ് വ്യോമസേനാ മേധാവിയുമായും ബദൗരിയ ചർച്ച നടത്തി. ഇന്ത്യയെയും ബംഗ്ലാദേശിനെയും ബന്ധിപ്പിക്കുന്ന ശക്തമായ സൗഹൃദബന്ധത്തിന്‍റെ പ്രതിഫലനമാണ് രണ്ട് വ്യോമസേനകളും തമ്മിലുള്ള വിനിമയങ്ങളെന്ന് വ്യോമസേന ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള പങ്കാളിത്തം ഉറപ്പു വരുത്തി കൊണ്ട് ബദൗരിയ ഫ്രാൻസിൽ നിന്നുള്ള പ്രതിനിധി സംഘത്തെ സന്ദർശിക്കുകയും ചെയ്തു. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്‍റെ പ്രധാന തൂണാണ് പ്രതിരോധ സഹകരണമെന്ന് ഇന്ത്യൻ വ്യോമസേന വ്യക്തമാക്കി. ഫെബ്രുവരി മൂന്ന് മുതൽ അഞ്ച് വരെയാണ് ബെംഗളൂരുവിലെ യെലഹങ്ക വ്യോമസേന സ്റ്റേഷനില്‍ എയ്‌റോ ഇന്ത്യ 2021 എന്ന വ്യോമ പ്രതിരോധ പ്രദർശനം.