മുംബൈ: മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രിക്കെതിരെ അഴിമതിയാരോപിച്ച് അഭിഭാഷക പരാതി നൽകി. സംസ്ഥാനത്തെ നിരവധി ക്രിമിനൽ ഗൂഢാലോചന കേസുകളിലും അഴിമതികളിലും പങ്കുണ്ടെന്നാരോപിച്ച് ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖിനെതിരെയാണ് അഭിഭാഷകയായ ജയശ്രീ പട്ടേൽ പൊലീസിൽ പരാതി നൽകിയത്. ദേശ്‌മുഖിനെതിരെ മുൻ മുംബൈ പൊലീസ് കമ്മിഷണർ പരംബീർ സിംഗ്, മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്‌ക്ക് കത്തെഴുതിയതിനെ തുടർന്നാണ് വിവാദം ആരംഭിച്ചത്. അതിന് ശേഷമാണ് ജയശ്രീ പട്ടേൽ പൊലീസില്‍ പരാതി നൽകിയത്. മന്ത്രി രാജി വയ്‌ക്കണമെന്നും ജയശ്രീ പട്ടേല്‍ ആവശ്യപ്പെട്ടു.
പൊലീസ് അന്വേഷണം നടത്തി അഴിമതി വിരുദ്ധ നിയമപ്രകാരം നടപടിയെടുക്കണം. എന്നാൽ ഈ കേസിൽ പൊലീസ് നടപടിയെടുത്തില്ലെങ്കിൽ, ദേശ്‌മുഖിനെതിരെ ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കുമെന്നും ജയശ്രീ പട്ടേൽ പറഞ്ഞു. അനിൽ ദേശ്‌മുഖിന്‍റെ അഴിമതി പ്രവർത്തനങ്ങൾക്ക് കൂട്ടുനിന്നുവെന്നാരോപിച്ച് ക്രൈംബ്രാഞ്ച് ക്രൈം ഇന്‍റലിജൻസ് യൂണിറ്റിന്‍റെ തലവനായ സച്ചിൻ വാസെക്കെതിരെയും നടപടിയെടുക്കണമെന്ന് ജയശ്രീ പട്ടേൽ ആവശ്യപ്പെട്ടു.