മുംബൈ: പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കൊവിഷീൽഡിന്‍റെ ആദ്യത്തെ 10കോടി ഡോസുകൾ 200 രൂപ നിരക്കിലും അതുകഴിഞ്ഞുള്ളത് 1,000 രൂപ നിരക്കിലും ലഭ്യമാക്കുമെന്ന് പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ സിഇഒ അദാർ പൂനവല്ല. സർക്കാരിന്‍റെ അഭ്യർഥനയും രാജ്യത്തെ ആരോഗ്യപ്രവർത്തകരുടെയും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരേയും പരിഗണിച്ചാണ് 10 കോടി ഡോസുകളിൽ ഇളവുകൾ നൽകുന്നതെന്നും അദാർ പൂനവല്ല പറഞ്ഞു. എന്നാൽ സ്വകാര്യ മാർക്കറ്റുകളിൽ വാർക്‌സിൻ വിൽക്കാൻ സർക്കാർ ഇതുവരെ അനുമതി നൽകിയിട്ടില്ല.
രാജ്യ വ്യാപകമായി വാക്‌സിനേഷൻ ആരംഭിക്കുന്നതിന്‍റെ ഭാഗമായി കൊവിഷീൽഡ് വാക്‌സിൻ അടങ്ങിയ ആദ്യത്തെ വാഹനം സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് അയച്ചു. രാജ്യത്തുടനീളം 13 സ്ഥലങ്ങളിലേക്ക് വാക്‌സിനുകൾ എത്തിക്കും. ഡൽഹി, കർണാൽ, അഹമ്മദാബാദ്, ചണ്ഡിഗഡ് ലഖ്‌നൗ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, വിജയവാഡ, ഭുവനേശ്വർ, കൊൽക്കത്ത, ഗുവാഹത്തി എന്നിവിടങ്ങളിലേക്കാണ് വാക്‌സിൻ എത്തുന്നത്.
രാജ്യത്ത് കൊവിഡ് 19 വാക്‌സിനേഷൻ ആദ്യ ഘട്ടം ജനുവരി 16 മുതൽ ആരംഭിക്കും. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ 30 കോടി ആളുകൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാനാണ് ലക്ഷ്യമാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. മൂന്ന് കോടി ആരോഗ്യ പ്രവർത്തകർക്കും ഫ്രണ്ട് ലൈൻ തൊഴിലാളികൾക്കും ആദ്യ ഘട്ടത്തിൽ പ്രതിരോധ കുത്തിവയ്പ്പ് നൽകും. രണ്ടാം ഘട്ടത്തിൽ 50 വയസിന് മുകളിലുള്ളവർക്കും 50 വയസിന് താഴെയുള്ള രോഗികൾക്കുമാണ് കുത്തിവയ്‌പ്പ് നൽകുന്നത്.