ബെംഗളുരു: സിനിമയിലേക്കുള്ള തിരിച്ചുവരവ് പ്രഖ്യാപിച്ച് കന്നട നടിയും എംപിയുമായിരുന്ന രമ്യ എന്നറിയപ്പെടുന്ന ദിവ്യ സ്‌പന്ദന. എന്നാൽ ഇത്തവണ അഭിനയത്തിലല്ല താരം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തന്‍റെ പ്രൊഡക്ഷൻ ഹൗസായ ആപ്പിൾ ബോക്‌സ് സ്റ്റുഡിയോസുമായാണ് രമയുടെ തിരിച്ചുവരവ്.
കെആർജി സ്റ്റുഡിയോസ് വിതരണം ചെയ്യുന്ന രണ്ട് ചിത്രങ്ങൾ ആപ്പിൾ ബോക്‌സ് സ്റ്റുഡിയോസ് നിർമിക്കുമെന്ന് രമ്യ വ്യക്തമാക്കി. ഇരു ചിത്രങ്ങളിലേയും അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും ഉടൻ തന്നെ പ്രഖ്യാപിക്കുമെന്ന് രമ്യ അറിയിച്ചു.
മാണ്ഡ്യയിൽ നിന്നുള്ള എംപിയായിരുന്ന ദിവ്യ സ്‌പന്ദന സമൂഹ മാധ്യമങ്ങൾ വഴിയാണ് തന്‍റെ പുതിയ നിർമാണ സംരംഭത്തെ കുറിച്ച് വ്യക്തമാക്കിയത്. ആപ്പിൾ ബോക്‌സ് സ്റ്റുഡിയോസ് രണ്ട് സിനിമകൾ നിർമിക്കുന്നതിന്‍റെ പടിവാതിലിൽ എത്തിനിൽക്കുകയാണ്. കെആർജി സ്റ്റുഡിയോസ് ആണ് ചിത്രങ്ങളുടെ വിതരണം നിർവഹിക്കുന്നത്. രണ്ട് പ്രൊജക്‌ടുകളെ കുറിച്ചും ഞാൻ വലിയ ആവേശത്തിലാണ്. ആപ്പിൾ ബോക്‌സ് സ്റ്റുഡിയോസ്, സിനിമകളും വെബ് സീരീസുകളുമുള്ള ഒടിടി മേഖലയിലേക്കും കാലെടുത്തു വയ്ക്കുകയാണ് എന്ന് താരം വ്യക്തമാക്കി.
പുനീത് രാജ്‌കുമാറിനൊപ്പം അഭിനയിച്ച 'അഭി' എന്ന കന്നട ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ദിവ്യ സ്‌പന്ദന 'ആകാശ്', 'ഗൗരമ്മ', 'ജോതേ ജോതെയാലി', 'അമൃതധാരെ' എന്നീ ചിത്രങ്ങളിലൂടെയാണ് സിനിമ മേഖലയിൽ ഇടംപിടിച്ചത്. കന്നട കൂടാതെ, തമിഴ്, തെലുങ്ക് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. പൊള്ളാതവൻ, തൂണ്ടിൽ, വാരണം ആയിരം എന്നിവയാണ് രമ്യയുടെ പ്രശസ്‌തമായ തമിഴ് ചിത്രങ്ങൾ.