മുംബൈ: ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസിനെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ മുംബൈ വിമാനത്താവളത്തിൽ തടഞ്ഞുവച്ചു. സുകേഷ് ചന്ദ്രശേഖർ ഉൾപ്പെട്ട 200 കോടി രൂപയുടെ തട്ടിപ്പ് കേസിൽ നടിക്കെതിരെ എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച പശ്ചാത്തലത്തിലാണ് ഇമിഗ്രേഷൻ അധികൃതർ തടഞ്ഞുവച്ചത്.
മസ്‌ക്കറ്റിലേക്ക് പോകാനായായിരുന്നു ജാക്വലിൻ വിമാനത്താവളത്തിലെത്തിയത്. ഇന്ത്യ വിടാൻ അനുവദിക്കരുതെന്ന നിർദേശത്തോടെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനാൽ ഞായറാഴ്‌ച വൈകുന്നേരം ടെർമിനൽ 2 വഴി മുംബൈ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ജാക്വലിനെ അധികൃതർ തടയുകയായിരുന്നു.
ബിസിനസുകാരനായ ശിവീന്ദർ മോഹൻ സിങ്ങിന്‍റെ ഭാര്യയെ കബളിപ്പിച്ച് 200 കോടി രൂപ തട്ടിയെടുത്ത കേസിൽ സുകേഷ് ചന്ദ്രശേഖറിനെതിരെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ഈ ആഴ്‌ച കുറ്റപത്രം സമർപ്പിച്ചേക്കും. ശിവീന്ദർ സിങ്ങിന്‍റെ ഭാര്യ അദിതി സിങ്, മൽവിന്ദർ സിങ്ങിന്‍റെ ഭാര്യ ജപ്‌ന സിങ് എന്നിവരെ കബളിപ്പിച്ച് പണം തട്ടിയതിന് സുകേഷ് ചന്ദ്രശേഖർ, ഭാര്യ ലീന മരിയ പോൾ, സഹായികളായ ദീപക് രാംദാനി, പ്രദീപ് രാംദാനി എന്നിവർക്കെതിരെ ഇഡി രണ്ട് കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നിയമ മന്ത്രാലയ ഉദ്യോഗസ്ഥൻ എന്ന വ്യാജേന ഭർത്താവിന്‍റെ കേസുകൾ ഒത്തുതീർപ്പാക്കാമെന്ന് വാഗ്ദാനം ചെയ്താണ് അദിതി സിങ്ങിൽ നിന്ന് 200 കോടി രൂപ തട്ടിയെടുത്തത്.
Also Read: കൂട്ടിക്കലും പീരുമേട്ടിലും ഉരുൾപൊട്ടൽ; മലവെള്ളപ്പാച്ചിലിനെ തുടർന്ന് വീടുകളിൽ വെള്ളം കയറി