ഹൈദരാബാദ്: ഹിന്ദി ചലച്ചിത്ര നടി ഹിന ഖാനെതിരെ സമൂഹമാധ്യമങ്ങളില്‍ ഒരു വിഭാഗം ആളുകളുടെ വിമര്‍ശനം കനക്കുന്നു. ഞായറാഴ്‌ച നടന്ന ഒരു അവാര്‍ഡ് നിശയില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് താരം തന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പോസ്‌റ്റ് ചെയ്‌ത ചിത്രങ്ങളെ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം കനക്കുന്നത്. ചടങ്ങില്‍ പ്രത്യക്ഷപ്പെട്ട താരത്തിന്‍റെ വസ്‌ത്രത്തെ ചുറ്റിപ്പറ്റിയാണ് വിമര്‍ശനങ്ങളത്രയും.
ഗാവിൻ മിഗുവൽ രൂപകൽപ്പന ചെയ്‌ത ഗ്ലാമറസായ വസ്‌ത്രത്തിനൊപ്പം സ്‌റ്റൈലിസ്‌റ്റായ ദിഗംബർ പാണ്ഡ അണിയിച്ചൊരുക്കിയതോടെ അതീവ സുന്ദരിയായാണ് താരം ചടങ്ങിനെത്തിയത്. തനിക്ക് തന്‍റെ ചടുലത അറിയാമെന്നും നിങ്ങള്‍ അത് ആളികത്തിക്കാന്‍ കൊതിക്കുന്നുവെന്നും അറിയിച്ചുള്ള കുറിപ്പോടെയായിരുന്നു താരം ചിത്രങ്ങള്‍ പങ്കുവച്ചത്. ഇതോടെ ഇസ്‌ലാമിനെതിരെ അനാദരവ് പ്രകടിപ്പിച്ചുവെന്ന് കാണിച്ച് നിരവധിപേര്‍ താരത്തിന്‍റെ ചിത്രത്തിന് താഴെ കമന്‍റുകളുമായെത്തി.
കുറഞ്ഞത് റമദാന്‍ മാസത്തെയെങ്കിലും ബഹുമാനിക്കൂ എന്നും നിങ്ങള്‍ ഉംറ (മതപരമായ ചടങ്ങ്) ചെയ്‌തിരുന്നുവെങ്കില്‍ അതിനെ ബഹുമാനിക്കൂ എന്നുമറിയിച്ചാണ് ഒരു കൂട്ടം ആളുകള്‍ താരത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. നിങ്ങള്‍ ഇപ്പോഴാണ് യഥാര്‍ഥമായും ഉംറ കഴിഞ്ഞ് മടങ്ങിയതെന്ന് മറ്റൊരു സമൂഹമാധ്യമ ഉപഭേക്താവും ഒളിയമ്പെയ്‌തു. താന്‍ ആദ്യം കരുതിയത് ഉര്‍ഫിയാണ് എന്നാണെന്നറിയിച്ച് മറ്റൊരു സൈബര്‍ ഉപഭോക്താവ് താരത്തെ സമൂഹമാധ്യമ ഇന്‍ഫ്ലുവന്‍സറും ഫാഷന്‍ വസ്‌ത്രങ്ങളിലൂടെ പ്രസിദ്ധയുമായ ഉര്‍ഫി ജാവേദുമായും താരതമ്യപ്പെടുത്തലുകളും നടന്നു.
മറുവശത്ത് ഹിന ഖാന് പ്രതിരോധം തീര്‍ത്ത് ആരാധകരും രംഗത്തെത്തി. അവരുടെ ശരീരം അവരുടെ അവകാശമാണെന്നും, നിങ്ങള്‍ എത്രമാത്രം മതവിശ്വാസിയാണെന്നത് വസ്‌ത്രങ്ങളല്ല നിർവചിക്കുന്നതെന്നും വ്യക്തമാക്കി താരത്തിന് അനുകൂല വാദങ്ങളുമായി അവരും കമന്‍റ് ബോക്‌സിനുള്ളിലെത്തി. അതേസമയം ഹിന ഖാന്‍ പങ്കുവച്ച പോസ്‌റ്റിന് ഇന്‍സ്‌റ്റഗ്രാമില്‍ 1.4 ലക്ഷത്തിലധികം ലൈക്കുകള്‍ ലഭിച്ചിട്ടുണ്ട്. മാത്രമല്ല താരം അടുത്തിടെ ഉംറ കര്‍മങ്ങള്‍ക്കായി സൗദി അറേബ്യ സന്ദര്‍ശിച്ചിരുന്നു.
ഇതാദ്യമായല്ല സമൂഹമാധ്യമത്തില്‍ പങ്കുവച്ച ചിത്രത്തിലൂടെ താരം ചർച്ചയാകുന്നത്. മുമ്പ് ഇന്‍സ്‌റ്റഗ്രാമിൽ പങ്കുവച്ച ഒരു പോസ്‌റ്റിലൂടെയാണ് ഹിന ഖാനും കാമുകൻ റോക്കി ജയ്‌സ്വാളും മാധ്യമങ്ങളില്‍ നിറഞ്ഞത്. 'വഞ്ചന' എന്ന അടിക്കുറിപ്പോടെയുളള താരത്തിന്‍റെ പോസ്‌റ്റ് കണ്ടതോടെ ഇരുവരുടെയും ആരാധകർ ഞെട്ടി, തുടര്‍ന്ന് അഭ്യൂഹങ്ങളും പരന്നു.
ബോളിവുഡിലെ ക്യൂട്ട് കപ്പിൾസായ ഇവരുടെ 13 വർഷമായുള്ള പ്രണയബന്ധത്തിൽ വിള്ളലുണ്ടായെന്ന കണ്ടെത്തലിലായിരുന്നു സൈബര്‍ ലോകം നടത്തിയത്. എന്നാൽ ഈ ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് ഹിന തന്നെ നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്. സി തിയേറ്ററിൽ പുതിയതായി ആരംഭിക്കാൻ പോകുന്ന 'ഷദ്യന്ത്ര'യുടെ ടീസർ പങ്കുവച്ചാണ് താരം ഈ അഭ്യൂഹങ്ങള്‍ക്കുള്ള ഉത്തരവുമായി എത്തിയത്.
താൻ നുണകളിലും വഞ്ചനയിലും അകപ്പെട്ടു. ആരാണ് ഈ ഗൂഢാലോചന സൃഷ്‌ടിച്ചത്? എന്ന അടിക്കുറിപ്പോടെയാണ് താരം ടീസർ പങ്കുവച്ചത്. ഇതോടെ ബ്രേക്ക് അപ്പ് വാർത്തകൾക്ക് ഏതാണ്ട് വിരാമമായി. ഒപ്പം റോക്കിയും ഇൻസ്‌റ്റഗ്രാം സ്‌റ്റോറികളിൽ ഷദ്യന്ത്രയുടെ ടീസർ ഷെയർ ചെയ്‌തതോടെയാണ് ആരാധകരുടെ ശ്വാസം നേരെയായത്. 'ക്വീൻ ഇതാ വീണ്ടും' എന്ന അടിക്കുറിപ്പോടെയാണ് റോക്കി ചിത്രത്തിന്‍റെ ടീസർ പങ്കുവച്ചത്.
Also Read: കാഴ്‌ചകളിലേക്ക് കടക്കണ്ണെറിഞ്ഞ് ഹിന ഖാൻ ; മനംകവരും പോസുകള്‍