ചെന്നൈ: ആദായനികുതി വകുപ്പ് നടൻ വിജയ്‌ക്കെതിരെ ചുമത്തിയ ഒന്നരക്കോടിയുടെ പിഴ സ്റ്റേ ചെയ്‌ത് മദ്രാസ് ഹൈക്കോടതി. 2016-17 വര്‍ഷത്തിലെ അധികവരുമാനം സ്വമേധയ വെളിപ്പെടുത്തിയില്ലെന്ന് ആരോപിച്ചാണ് പിഴയിട്ടിരുന്നത്. ജസ്റ്റിസ് അനിത സുമന്തിന്‍റേതാണ് ഈ വിധി.
15 കോടിയുടെ അധികവരുമാനം വിജയ് സ്വമേധയ വെളിപ്പെടുത്തിയില്ലെന്ന് ആരോപിച്ചാണ് ആദായനികുതി വകുപ്പ് ഒന്നരക്കോടി പിഴയിട്ടത്. 2020 ൽ നടന്‍റെ വസതിയിൽ നടത്തിയ റെയ്‌ഡുകളുടെ അടിസ്ഥാനത്തിലാണ് വകുപ്പ് പിഴ ചുമത്തിയത്. ഇത് ചോദ്യം ചെയ്‌ത് വിജയ് നൽകിയ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് അനിത സുമന്ത് ഓഗസ്റ്റ് 16 ന് സ്റ്റേ പുറപ്പെടുവിച്ചത്.
2016-17 വർഷത്തെ പിഴ തുക ആവശ്യപ്പെട്ട് 2018 ഡിസംബർ 11നാണ് നോട്ടിസ് നല്‍കിയത്. കാലപരിധിക്ക് ശേഷം ചുമത്തിയ പിഴ നിയമാനുസൃതമല്ലെന്ന വിജയ്‌യുടെ അഭിഭാഷകന്‍റെ വാദം മുഖവിലയ്‌ക്കെടുത്താണ് കോടതി ഇടക്കാല സ്റ്റേ നല്‍കിയത്.