ചെന്നൈ: ജയ് ഭീം ചിത്രത്തിന് പ്രചോദനമായ പാര്‍വതി അമ്മാളിന് പതിനഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൈമാറി നടന്‍ സൂര്യ (Real Sengini gets help from Surya). നേരത്തെ പ്രഖ്യാപിച്ചിരുന്ന പത്ത് ലക്ഷത്തിന് പുറമേ സൂര്യയുടേയും ജ്യോതികയുടേയും ഉടമസ്ഥതയിലുള്ള 2ഡി പ്രൊഡക്ഷന്‍റെ പേരില്‍ അഞ്ച് ലക്ഷം രൂപയും കൂടി ചേര്‍ത്താണ് പതിനഞ്ച് ലക്ഷം രൂപയുടെ ചെക്ക് സൂര്യ കൈമാറിയത്.
നവംബര്‍ 2ന് ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലെത്തിയ ചിത്രത്തിന് ഏറെ സ്വീകാര്യത ലഭിച്ചിരുന്നു. യഥാര്‍ഥ സംഭവത്തെ ആസ്‌പദമാക്കിയെടുത്ത ചിത്രത്തില്‍ ലിജോ മോള്‍ അവതരിപ്പിച്ച സിങ്കിണി എന്ന കഥാപാത്രത്തിന് പ്രചോദനമായത് പാര്‍വതി അമ്മാളിന്‍റെ യഥാര്‍ഥ ജീവിതമായിരുന്നു.
ചിത്രം റിലീസ് ചെയ്‌തതിന് പിന്നാലെ പാര്‍വതിക്ക് സഹായ ഹസ്‌തവുമായി നടന്‍ രാഘവ ലോറന്‍സ് ഉള്‍പ്പെടെ നിരവധി പേരാണ് എത്തിയത്. പാര്‍വതി അമ്മാളിനെ സഹായിക്കണമെന്ന് സിപിഎമ്മും സൂര്യയോട് അഭ്യര്‍ഥിച്ചിരുന്നു. തുടര്‍ന്ന് പത്ത് ലക്ഷം രൂപ പാര്‍വതി അമ്മാളിന്‍റെ പേരില്‍ ബാങ്കില്‍ നിക്ഷേപിക്കുമെന്ന് സൂര്യ പ്രഖ്യാപിക്കുകയായിരുന്നു.
ഇതിനിടെ, വണ്ണിയാര്‍ സമുദായത്തെ ചിത്രത്തില്‍ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച് വണ്ണിയാര്‍ സംഘം സൂര്യയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. സംഭവത്തില്‍ സൂര്യക്ക് പിന്തുണയുമായി നിരവധി പേരാണ് എത്തുന്നത്.
Also read: 'ജയ് ഭീമിന്' പ്രചോദനമായ പാര്‍വതിക്ക് വീട് നല്‍കുമെന്ന് രാഘവ ലോറന്‍സ്