ബെംഗളൂരു: ബെംഗളൂരുവില്‍ നിശ പാര്‍ട്ടിക്കിടെ മയക്കുമരുന്ന് ഉപയോഗിച്ചതിന് അറസ്റ്റിലായ ബോളിവുഡ് നടന്‍ സിദ്ധാന്ത് കപൂറിന് ജാമ്യം. തിങ്കളാഴ്‌ച അറസ്റ്റ് ചെയ്‌ത നടനെ സ്റ്റേഷന്‍ ജാമ്യത്തിലാണ് വിട്ടയച്ചത്. കസ്റ്റഡിയിലെടുത്ത മറ്റ് നാല് പേരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതായി പൊലീസ് അറിയിച്ചു.
ആവശ്യപ്പെടുമ്പോള്‍ നടന്‍ ഉള്‍പ്പെടെ അഞ്ച് പേരും പൊലീസിന് മുന്‍പില്‍ ഹാജരാകണമെന്ന് ഈസ്റ്റ് ബെംഗളൂരു ഡിസിപി ഭീമ ശങ്കര്‍ ഗുല്ലെദ് അറിയിച്ചു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഞായറാഴ്‌ച രാത്രി എംജി റോഡിലെ ഹോട്ടലിൽ പൊലീസ് പരിശോധന നടത്തുകയായിരുന്നു. മയക്കുമരുന്ന് ഉപയോഗിച്ചതായി സംശയം തോന്നിയവരുടെ സാമ്പിളുകൾ മെഡിക്കൽ പരിശോധനയ്‌ക്ക് അയച്ചു.
മയക്കുമരുന്ന് ഉപയോഗിച്ചത് പാര്‍ട്ടിക്ക് മുന്‍പോ ശേഷമോ?: ഇതില്‍ സിദ്ധാന്തിന്‍റെ സാമ്പിൾ ഉള്‍പ്പെടെ ആറ് പേരുടെ പരിശോധനാഫലം പോസിറ്റീവായി. തുടര്‍ന്നാണ് നടന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവർ മയക്കുമരുന്ന് ഉപയോഗിച്ച ശേഷം പാർട്ടിക്ക് വന്നതാണോ അതോ ഹോട്ടലിൽ വച്ചാണോ മയക്കുമരുന്ന് ഉപയോഗിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് പൊലീസ് പറഞ്ഞു.
'ഞായറാഴ്‌ച രാത്രി എംജി റോഡിലുള്ള ഹോട്ടലില്‍ ഒരു പാർട്ടി നടക്കുന്നുണ്ടെന്നും അവിടെ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും വിവരം ലഭിച്ചു. പരിശോധനയില്‍ 35 പേരെ കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്ന് മയക്കുമരുന്നുകളൊന്നും കണ്ടെത്തിയില്ലെങ്കിലും സമീപത്ത് നിന്ന് എംഡിഎംഎ, കഞ്ചാവ് എന്നിവ കണ്ടെത്തി', ഡിസിപി ഭീമ ശങ്കര്‍ ഗുല്ലെദ് പറഞ്ഞു.
ആരാണ് അവിടെ അത് ഉപേക്ഷിച്ചതെന്നറിയാന്‍ സിസിടിവി പരിശോധിക്കുമെന്ന് ഡിസിപി കൂട്ടിച്ചേർത്തു. നിശ പാര്‍ട്ടി നടന്ന ഹോട്ടലിന് നോട്ടീസ് നൽകിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.