ഭുവനേശ്വർ: ഒഡിഷ തലസ്ഥാനത്തെ മണിക്കൂറുകൾ ഭീതിയുടെ മുൾമുനയിലാക്കി ആത്മഹത്യ ഭീഷണിയുമായി യുവ സാമൂഹിക പ്രവർത്തകൻ മുക്തികാന്ത് ബിസ്വാൾ. മുഖ്യമന്ത്രി നവീൻ പട്‌നായികിനെ കാണാൻ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് നഗരത്തിൽ സ്ഥാപിച്ച ഹോർഡിങ്ങിന് മുകളിൽ കയറി യുവാവ് ആത്മഹത്യ ഭീഷണി നടത്തിയത്. തലസ്ഥാന നഗരത്തിലെ ശിശുഭവൻ സ്‌ക്വയറിൽ സ്ഥാപിച്ചിരുന്ന ഹോർഡിങ്ങിലാണ് ഇയാൾ കയറിയത്.
കഴിഞ്ഞയാഴ്‌ച റൂർക്കേലയിൽ നിന്ന് 530 കിലോമീറ്റർ പദയാത്ര നടത്തിയാണ് മുഖ്യമന്ത്രിയെ കാണാനായി മുക്തികാന്ത് ബിസ്വാൾ ഭുവനേശ്വറിലെത്തിയത്. ഏകദേശം ഒരു പതിറ്റാണ്ട് മുമ്പ് റൂർക്കേലയിലെ നിവാസികൾക്ക് മുഖ്യമന്ത്രി നൽകിയ വാഗ്‌ദാനങ്ങൾ പാലിക്കാൻ സമ്മർദം ചെലുത്തുകയായിരുന്നു ലക്ഷ്യം.
ഹോർഡിങ്ങിന് മുകളിൽ കയറിയ യുവാവ് ഉദ്യോഗസ്ഥരെ മണിക്കൂറുകളോളം വലച്ചു. ആദ്യം പൊലീസും ഫയർഫോഴ്‌സും ചേർന്ന് ഇയാളെ ഹോർഡിങ്ങില്‍ നിന്ന് താഴെയിറക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് നാല് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ഫയർ സർവീസ് ഉദ്യോഗസ്ഥർ ഹോർഡിങ്ങിന് മുകളിലെത്തിയ ശേഷം ഫയർ ട്രക്കിന്‍റെ ഗോവണി ഉപയോഗിച്ചാണ് ഇയാളെ താഴെയിറക്കിയത്.
സുരക്ഷിതമായി താഴെയെത്തിച്ച ശേഷം ആരോഗ്യ പരിശോധനയ്ക്കായി ബിസ്വാളിനെ ഉടൻ തന്നെ കാപിറ്റൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 'മുഖ്യമന്ത്രിയുടെ വാഗ്‌ദാനങ്ങൾ പാലിക്കുന്നത് വരെ പോരാട്ടം തുടരും. അറസ്റ്റ് ചെയ്‌താൽ മരണം വരെ ജയിലിൽ നിരാഹാര സമരം നടത്തും'. രക്ഷപ്പെടുത്തിയ ശേഷം ബിസ്വാൾ പറഞ്ഞു.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. പ്രശ്നങ്ങള്‍ നേരിട്ടാല്‍ മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 104, 0471- 2552056. മൈത്രി 0484 2540530, തണല്‍ 0495 2760000, ദിശ 1056