ന്യൂഡല്‍ഹി: കൊവിഡ് മുക്തര്‍ പ്ലാസ്‌മ ദാനം ചെയ്യാന്‍ സന്നദ്ധരാവണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കൊവിഡ് ചികിത്സയ്ക്കായി നിലവില്‍ പ്ലാസ്‌മയ്ക്ക് ക്ഷാമം നേരിടുകയാണ്. നേരത്തെ രോഗവ്യാപനമുണ്ടായപ്പോള്‍ ജനങ്ങള്‍ സജീവമായി പ്ലാസ്‌മ ദാനം ചെയ്‌തിരുന്നു. എന്നാല്‍ സാഹചര്യം മെച്ചപ്പെട്ടപ്പോള്‍ തെറാപ്പിക്കായി പ്ലാസ്‌മയുടെ ആവശ്യം കുറഞ്ഞുവന്നു. ഡല്‍ഹിയില്‍ 14 ആശുപത്രികള്‍ കൂടി കഴിഞ്ഞ ദിവസം കൊവിഡ് കേന്ദ്രങ്ങളാക്കി മാറ്റി. നിലവില്‍ അടിയന്തര ശസ്‌ത്രക്രിയകള്‍ നടത്താനുള്ള എല്ലാ സൗകര്യങ്ങളും തലസ്ഥാനത്തുണ്ട്. മുന്‍കൂട്ടി ആസൂത്രണം ചെയ്‌ത കാല്‍മുട്ട് മാറ്റിവെക്കല്‍ പോലുള്ള ശസ്‌ത്രക്രിയകള്‍ മൂന്ന് മാസത്തോളം വൈകാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കൊവിഡ് രണ്ടാം തരംഗം അതീവ ഗുരുതരമാണ്. 10-15 ദിവസത്തെ കണക്കെടുത്താല്‍ 65 ശതമാനത്തോളം പുതിയ കൊവിഡ് രോഗികള്‍ നാല്‍പത്തഞ്ച് വയസിന് താഴെയാണെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യുവാക്കള്‍ അത്യാവശ്യമാണെങ്കില്‍ മാത്രം പുറത്തിറങ്ങിയാല്‍ മതിയെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,500 കൊവിഡ് കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്‌തത്.