ന്യൂഡല്‍ഹി: ഇന്ത്യയില്‍ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. നിലവില്‍ രണ്ടര ലക്ഷത്തില്‍ താഴെയാണ് രാജ്യത്തെ ചികിത്സയിലുള്ള കൊവിഡ് ബാധിതരെന്നും പ്രതിദിനം രോഗികളുടെ എണ്ണം കുറയുകയാണെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു. നിലവില്‍ രാജ്യത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 1.97 ശതമാനമാണെന്ന് രാജേഷ് ഭൂഷണ്‍ മാധ്യമങ്ങളോട് പറഞ്ഞു. രോഗികളില്‍ 44 ശതമാനം ആശുപത്രികളിലും 56 ശതമാനം ചെറിയ രോഗലക്ഷണങ്ങളോടെ വീടുകളിലും നിരീക്ഷണത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിദിനമുള്ള കൊവിഡ് മരണനിരക്കിലും തുടര്‍ച്ചയായ കുറവ് റിപ്പോര്‍ട്ട് ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 11 ദിവസമായി 300ല്‍ താഴെയാണ് രാജ്യത്തെ മരണ നിരക്ക്. അതേസമയം പോസിറ്റിവിറ്റി നിരക്ക് 5.87 ശതമാനമാണ്.
ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണത്തിലും മരണത്തിലും ഇന്ത്യയുടെ സ്ഥാനം ലോക റാങ്കിംഗില്‍ വളരെ താഴെയാണ്. കർണാൽ, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ നാല് പ്രാഥമിക വാക്സിൻ സ്റ്റോറുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും രാജ്യത്താകെ 37 വാക്‌സിൻ സ്റ്റോറുകൾ ഉണ്ടെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 16,375 പുതിയ കൊവിഡ് കേസുകളും 201 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 29,091 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,03,56,845 ആയി ഉയര്‍ന്നു. നിലവില്‍ 2,31,036 പേര്‍ ചികിത്സയില്‍ കഴിയുകയാണ്. 1,49,850 പേര്‍ ഇതുവരെ കൊവിഡ് മൂലം രാജ്യത്ത് മരിച്ചു.