ന്യൂഡൽഹി: ആസിഡ് ആക്രമണത്തെ അതിജീവിച്ച വനിതകളുടെ കൂട്ടായ്‌മയിൽ പിറന്ന 'ഷീറോസ് ഹാങ്ഔട്ട് കഫെ' തങ്ങളുടെ മൂന്നാമത്തെ സ്ഥാപനം ഡൽഹിയിൽ ആരംഭിച്ചു. നോയിഡ അതോറിറ്റിയുടെ സഹകരണത്തോടെ സെക്ടർ 21 ലെ നോയിഡ ഇന്‍റർനാഷണൽ സ്റ്റേഡിയത്തിന്‍റെ കാമ്പസിലാണ് പുതിയ കഫെ തുറന്നത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച വനിതകളാണ് കഫെയിൽ പാചകം മുതൽ ക്യാഷർ വരെയുള്ള എല്ലാ ജോലികളും ചെയ്യുന്നത്.
2014 ഡിസംബർ 10 ന് ആഗ്രയിലാണ് ഷീറോസിന്‍റെ ആദ്യത്തെ കഫെ ആരംഭിച്ചത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച അഞ്ച് പേരാണ് ഇതിന്‍റെ അമരക്കാർ. ആദ്യ സംരഭം വൻ ഹിറ്റായതോടെ ആസിഡ് ആക്രമണത്തിന് ഇരയായ കൂടുതൽ പേരെ ഉൾക്കൊള്ളിച്ചുകൊണ്ട് ലഖ്‌നൗവിൽ രണ്ടാമത്തെ കഫെയും ആരംഭിച്ചിരുന്നു. ആസിഡ് ആക്രമണത്തിലെ അതിജീവതകളായ നിരവധി വനിതകൾക്ക് പുതു ജീവിതം നൽകാൻ ഷീറോസിലൂടെ സാധിച്ചിരുന്നു.
ആസിഡ് ആക്രമണത്തിലെ അതിജീവിതകൾക്കായി ഒരു പ്ലാറ്റ്‌ഫോം എന്ന ആശയമാണ് ഷീറോസ് എന്ന കഫെയുടെ ഉത്ഭവത്തിന് കാരണമായതെന്ന് ഷീറോസിന്‍റെ മാനേജർമാരിൽ ഒരാളായ രൂപ പറഞ്ഞു. ഇത്തരം സംഭവങ്ങൾക്ക് ശേഷം മിക്ക ആളുകളും പഠനം ഉപേക്ഷിക്കുന്നതിനാൽ ജോലി കിട്ടുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. 2014 ൽ ലക്ഷ്‌മി നഗറിൽ ആരംഭിച്ച ആദ്യത്തെ കഫെയിലൂടെ തന്നെ ആസിഡ് അതിജീവിതകളായ നിരവധി വനിതകൾക്ക് തങ്ങളുടെ വേദനകളുടെ ഭാരം ഇറക്കി വെയ്‌ക്കാൻ സാധിച്ചുവെന്നും രൂപ പറഞ്ഞു.
2008ൽ രണ്ടാനമ്മയാണ് എന്‍റെ നേരെ ആസിഡ് ആക്രമണം നടത്തിയത്. ആക്രമണത്തിന് ശേഷം അച്ഛൻ എന്നെ നിരസിച്ചു. ഞാനും എന്‍റെ സഹോദരനും അമ്മാവനും അമ്മായിക്കും ഒപ്പം ഫരീദാബാദിലാണ് വളർന്നത്. അവർ ഞങ്ങളെ വളരെയധികം പിന്തുണച്ചു. അവർ ഞങ്ങൾക്ക് മാതാപിതാക്കളെപ്പോലെയാണ്. ഷീറോസിൽ ഞങ്ങളോടൊപ്പമുള്ള ഓരോരുത്തർക്കും വേദനയുടെ ഒട്ടനവധി കഥകൾ പറയാനുണ്ട്. രൂപ കൂട്ടിച്ചേർത്തു.