തെലങ്കാന: കോഴിയിറച്ചിക്ക് ഗുണനിലവാരമില്ല എന്നാരോപിച്ച് കോഴിക്കട ഉടമയ്‌ക്ക് നേരെ ആസിഡ് ആക്രമണം. തെലങ്കാനയിലെ രാജണ്ണ സിറിസില്ല ജില്ലയിലെ തിപ്പാപൂരിലാണ് സംഭവം. കട ഉടമ ഹരീഷിന് നേരെയാണ് ആക്രമണമുണ്ടായത്. അക്രമത്തിൽ കടയിലുണ്ടായിരുന്ന പത്തോളം പേർക്കും പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
സപ്‌തഗിരി കോളനിയിലെ ചില വഴിയോരക്കച്ചവടക്കാർ കഴിഞ്ഞ ദിവസം ഹരീഷിന്‍റെ കോഴിക്കടയിൽ വന്ന് ഓരോ കിലോ വീതം കോഴി ഇറച്ചി വാങ്ങിയിരുന്നു. തുടർന്ന് വീട്ടിലെത്തി പാചകം ചെയ്‌ത ശേഷം കടയിലെത്തിയ ഇവർ കോഴിക്ക് ഗുണനിലവാരമില്ലെന്ന് പരാതിപ്പെടുകയായിരുന്നു. പിന്നാലെ ഇരു കൂട്ടരും തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
ALSO READ: ഏഴു വയസുകാരിക്ക് ക്രൂര പീഡനം, 71കാരന്‍ അറസ്റ്റില്‍
അതിനു ശേഷം ഇറച്ചി വാങ്ങിയവർ ഹരീഷിനും കടയിലുണ്ടായിരുന്ന മറ്റ് ഒൻപത് പേർക്കും നേരെ ആസിഡ് ഒഴിക്കുകയായിരുന്നു. പരിക്കേറ്റവരെ ചികിത്സയ്ക്കായി കരിംനഗർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഇരു കൂട്ടരും നൽകിയ പരാതിയിൻമേൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.