ബെംഗളൂരു : കർണാടകയിൽ മഡിവാള സ്വദേശിയും ഗുണ്ട നേതാവുമായ കപിലിനെ കൊലപ്പെടുത്തിയ കേസിലെ അഞ്ച് പ്രതികളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് മുൻ വൈരാഗ്യത്തിന്‍റെ പേരിൽ കപിലിനെ രണ്ട് സ്‌കൂട്ടറിലായി പിന്തുടർന്നെത്തിയ പ്രതികൾ ദേവര ജീവനഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ നവീൻ കുമാർ, രാഹുൽ, പുനീത് കുമാർ, പവൻകുമാർ, ശങ്കർ എന്നിവരാണ് അറസ്റ്റിലായ പ്രതികൾ.
ബെംഗളൂരുവിലെ ആർടി നഗർ, ഹെബ്ബാൾ സ്വദേശികളാണ് പ്രതികൾ. കൊലപാതകം ശേഷം പ്രതികൾ രക്ഷപ്പെട്ടെങ്കിലും സംഭവത്തിന്‍റെ ദൃശ്യങ്ങൾ പ്രദേശത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ഇത് പിന്തുടർന്നാണ് പൊലീസ് പ്രതികളെ പിടികൂടിയത്. എന്നാൽ, കേസിന്‍റെ മുഖ്യ സൂത്രധാരൻ ഉൾപ്പെടെയുള്ള മറ്റ് നാല് പ്രതികൾ ഒളിവിലാണെന്നും ഇവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
കൊല്ലപ്പെട്ട കപിലിനെതിരെ വധശ്രമം ഉൾപ്പടെ അഞ്ച് കേസുകളാണ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. 2014ൽ കൊലപാതകക്കേസിൽ അറസ്റ്റിലായ ഇയാൾക്കെതിരെ മഡിവാള പൊലീസ് കൊക്ക ആക്‌ട് പ്രകാരം കേസെടുത്തിരുന്നു. ഏതാനും വർഷങ്ങളായി ആർടി നഗറിൽ താമസിച്ചിരുന്ന കപിൽ, ഹെബ്ബാൾ, ആർടി നഗർ, ഗോവിന്ദാപൂർ എന്നിവിടങ്ങളിൽ ഗുണ്ട പ്രവർത്തനം നടത്തിവരികയായിരുന്നു.
also read : Arrest | പെൺസുഹൃത്തിനെ കൊലപ്പെടുത്തി ഒളിവിൽ, ഡൽഹി സ്വദേശി ഒരു മാസത്തിന് ശേഷം ബെംഗളൂരു പൊലീസിന്‍റെ പിടിയിൽ
ഇതിനിടെ ഇയാളെ കൊലപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെ പ്രതികൾ ദിവസങ്ങളായി കപിലിനെ നിരീക്ഷിക്കുകയായിരുന്നെന്ന് അന്വേഷണം നടത്തുന്ന ഡിസിപി ഗുലേദ് പറഞ്ഞു. കൊലപാതകത്തിന് ഏതാനും ദിവസം മുമ്പ് മരിച്ച കപിൽ പ്രതികളായ നവീനിനെയും രോഹിതിനെയും നടുറോഡിൽ തടഞ്ഞുനിർത്തി അസഭ്യം പറഞ്ഞിരുന്നു. ഇതോടെ പ്രതികാരം മനോഭാവത്തിൽ നവീനും രോഹിത്തും കപിലിനെ കൊലപ്പെടുത്താൻ അവസരം കാത്തിരിക്കുകായിരുന്നു.
അതേസമയം, കപിലിനെ കൊലപ്പെടുത്താൻ നേരത്തെ ഇവർക്ക് ക്വട്ടേഷൻ നൽകിയ മുഖ്യപ്രതി ഒളിവിലാണെന്ന് ഡിസിപി പറഞ്ഞു. ഒളിവിലുള്ള മുഖ്യപ്രതിയുമായി മരിച്ച കപിലിനുള്ള ശത്രുതയെ കുറിച്ച് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
also read : Bengaluru| ബെംഗളൂരു ഇരട്ട കൊലപാതകം ; പ്രതി ഫെലിക്‌സും കൂട്ടാളികളും പിടിയിൽ
ജോലി നഷ്‌ടപ്പെട്ടതിന്‍റെ വൈരാഗ്യത്തിൽ കൊലപാതകം : കഴിഞ്ഞ ചൊവ്വാഴ്‌ച (11.7.23) യാണ് ബെംഗളൂരുവിൽ സ്വകാര്യ കമ്പനിയുടെ എംഡിയേയും സിഇഒയേയും കമ്പനിയിലെ മുൻ ജീവനക്കാരൻ ഉൾപ്പടെ മൂന്ന് പേർ ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയത്. ഇന്‍റർനെറ്റ് സേവന കമ്പനിയായ എയർറോണിക്‌സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്‍റെ മാനേജിങ് ഡയറക്‌ടർ ഫണീന്ദ്ര സുബ്രഹ്‌മണ്യം, ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ വിനു കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതികളായ ഫെലിക്‌സ്, വിനയ് റെഡ്ഡി, ശിവ എന്നിവരെ രണ്ട് ദിവസം മുൻപ് പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. കൊല്ലപ്പെട്ട വിനു കോട്ടയം സ്വദേശിയാണ്. കമ്പനിയിൽ നിന്നും ഫെലിക്‌സിനെ പുറത്താക്കിയതിന്‍റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായത്.