പേരാമ്പലൂർ: തമിഴ്‌നാട്ടിലെ പേരാമ്പലൂരിൽ അമിത വേഗതയിലെത്തിയ കാർ മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ച് രണ്ട് മരണം. ചെന്നൈ-ട്രിച്ചി ദേശീയ പാതയിൽ പേരാമ്പലൂർ മൂന്നാം മേൽപ്പാലത്തിന് സമീപമാണ് അപകടമുണ്ടായത്. ട്രിച്ചി ജില്ലയിലെ ഇരുങ്ങല്ലൂർ സ്വദേശിയായ ടൈറ്റസ്, കാർ ഡ്രൈവർ പ്രവീണ്‍ എന്നിവരാണ് മരിച്ചത്.
ചെന്നൈയിൽ നിന്ന് കൊടൈക്കനാലിലേക്ക് പോവുകയായിരുന്ന സംഘം സഞ്ചരിച്ച കാറാണ് അമിത വേഗതയിലെത്തി ബൈക്ക് യാത്രികനായ ടൈറ്റസിനെ ഇടിച്ച് തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ ടൈറ്റസ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. ഇയാളോടൊപ്പം ബൈക്കിലുണ്ടായിരുന്ന ശിവ, റോബിൻ എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബൈക്കിൽ ഇടിച്ചതോടെ നിയന്ത്രണം വിട്ട കാർ സെന്‍റർ മീഡിയൻ കടന്ന് റോഡിന്‍റെ എതിർവശത്തേക്കെത്തി മറ്റ് കാറുകളിൽ ഇടിച്ചു. ശേഷം ദിണ്ടിഗൽ ജില്ലയിലെ ഗുജിലിയാംപാറയിൽ നിന്ന് മേൽമരുവത്തൂർ ആദിപരാശക്തി ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന തീർഥാടകർ സഞ്ചരിച്ച ബസിലാണ് ഇടിച്ച് നിന്നത്.
ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ ഡ്രൈവർ പ്രവീണ്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നു. ഇയാളോടൊപ്പമുണ്ടായിരുന്ന പ്രകാശ്, കെവിൻ എന്നിവർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തീർഥാടകർ സഞ്ചരിച്ച ബസിലുണ്ടായിരുന്ന 25 പേർക്കും നിസാര പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരെല്ലാം പേരാമ്പലൂര്‍ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തെത്തുടർന്ന് ട്രിച്ചി- ചെന്നൈ ദേശിയ പാതയിൽ മണിക്കൂറുകളോളം ഗതാഗതം സ്‌തംഭിച്ചു. സംഭവത്തിൽ പേരാമ്പലൂർ സിറ്റി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.