ഹൈദരാബാദ് : രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞ പേരറിവാളനെ സുപ്രീം കോടതി മോചിതനാക്കിയിരിക്കുകയാണ്. ഭരണഘടനയുടെ 142-ാം വകുപ്പ് പ്രകാരം പ്രത്യേക അധികാരം ഉപയോഗിച്ചാണ് സുപ്രീം കോടതി പേരറിവാളനെ വിട്ടയച്ചത്. ഇതിന്‍റെ പശ്ചാത്തലത്തില്‍ നോക്കാം, എന്താണ് ആ പ്രത്യേക വകുപ്പെന്ന്.
'സമ്പൂർണ നീതി' നടപ്പാക്കുക എന്ന ഉദ്ദേശത്തോടെ സുപ്രീം കോടതിയ്‌ക്കുള്ള പ്രത്യേക അധികാരമാണ് വകുപ്പ് 142. സുപ്രീം കോടതിക്ക് മുന്‍പാകെ നിലനിൽക്കുന്ന ഏത് കേസിലും നീതിയുടെ പൂര്‍ണതയ്‌ക്കായി അതുല്യവും അസാധാരണവുമായ അധികാരം നൽകുന്നതാണ് ഈ വകുപ്പ്. നിലവിലുള്ള നിയമങ്ങളോ ചട്ടങ്ങളോ പരാജയപ്പെടുന്ന നിയമപരമായ കാര്യങ്ങളിൽ, കേസ് തീർപ്പാക്കാൻ ആർട്ടിക്കിൾ 142 പ്രകാരം പരമോന്നത കോടതിക്ക് അതിന്‍റെ പ്രത്യേക അധികാരം ഉപയോഗിക്കാം.
ഗവര്‍ണര്‍ക്കെതിരെ കോടതിയുടെ പരാമര്‍ശം : രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെയും വിട്ടയക്കണമെന്ന് കെ പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെ മന്ത്രിസഭ 2018 ല്‍ ഗവര്‍ണര്‍ക്ക് മുന്‍പാകെ ശുപാര്‍ശ ചെയ്യുകയുണ്ടായി. ബൻവാരിലാൽ പുരോഹിതായിരുന്നു അന്നത്തെ ഗവർണർ. പേരറിവാളനായി സമര്‍പ്പിച്ച ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാൻ തമിഴ്‌നാട് ഗവർണർ ഏറെ സമയമെടുത്തെന്ന് സുപ്രീം കോടതി വിധി പ്രസ്‌താവിക്കുന്നതിനിടെ പറയുകയുണ്ടായി.
ഇക്കാരണത്താലാണ് പേരറിവാളനെ മോചിപ്പിക്കാൻ ഉത്തരവിട്ടെന്നും കോടതി ബുധനാഴ്ച വ്യക്തമാക്കി. കരട് ആർട്ടിക്കിൾ 118 (ആർട്ടിക്കിൾ 142) 1949 മെയ് 27 നാണ് പാര്‍ലമെന്‍റില്‍ ചർച്ച ചെയ്യപ്പെട്ടത്. സമ്പൂർണ നീതി നടപ്പാക്കാൻ സുപ്രീം കോടതിയ്‌ക്ക് ഇതിലൂടെ കഴിയുമെന്ന് പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. കരട് ആർട്ടിക്കിൾ കൂടുതല്‍ ചർച്ചയ്‌ക്ക് വിധേയമാക്കാതെ 1949 മെയ് 27 ന് പാര്‍ലമെന്‍റ് പാസാക്കുകയും ചെയ്‌തതാണ് ഈ വകുപ്പ്.
1989 ലെ ഭോപ്പാല്‍ ദുരന്തത്തിലും 2019 ലെ അയോധ്യ രാമക്ഷേത്ര വിധിയും ഉൾപ്പെടെ ദേശീയ പ്രാധാന്യമുള്ള നിരവധി കേസുകളിൽ സുപ്രീം കോടതി ആർട്ടിക്കിൾ 142 ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഭോപ്പാല്‍ ദുരന്തത്തില്‍ ഇരകൾക്ക് 470 മില്യൺ ഡോളർ നൽകുന്നതിന് യു.എസ് ആസ്ഥാനമായ യൂണിയൻ കാർബൈഡ് കോർപ്പറേഷനോട് ഉത്തരവിട്ടത് ഇതുപ്രകാരമായിരുന്നു. 2019 ലെ അയോധ്യ രാമക്ഷേത്ര വിധിയില്‍, 2.77 ഏക്കർ തർക്ക ഭൂമി രാമക്ഷേത്രത്തിനായി വാദിച്ച ട്രസ്റ്റിന് കൈമാറമെന്നതാണ് ഈ വകുപ്പ് ഉപയോഗിച്ചുള്ള മറ്റൊരു നിര്‍ണായക ഉത്തരവ്.
ALSO READ | രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളനെ സുപ്രീംകോടതി വിട്ടയച്ചു: മോചനം 31 വര്‍ഷത്തിന് ശേഷം