ഹരിയാന: 'അഭിമന്യുപുര്‍' മഹാഭാരത യുദ്ധത്തില്‍ അര്‍ജ്ജുനന്‍റെ മകനായ അഭിമന്യു വീരമൃത്യു വരിച്ച ഇടം എന്ന പേരില്‍ പ്രശസ്തമായ സ്ഥലം. ഹരിയാനയിലെ കുരുക്ഷേത്ര നഗരത്തില്‍ നിന്നും എട്ട് കിലോമീറ്റര്‍ അകലെയാണ് അഭിമന്യുപുര്‍ സ്ഥിതി ചെയ്യുന്നത്. അഭിമന്യുവിനെ കൊലപ്പെടുത്തനായി കൗരവര്‍ ചക്രവ്യൂഹം ചമച്ച സ്ഥലമാണിതെന്നും പറയപ്പെടുന്നു. ഈ ഗ്രാമത്തിലെ ഒരു കുളത്തിനരികിലാണ് അര്‍ജ്ജുനനുമായുള്ള പോരാട്ടത്തിനിടയില്‍ രഥത്തിന്‍റെ ചക്രങ്ങള്‍ മണ്ണില്‍ താഴ്ന്നു പോയി കര്‍ണ്ണന്‍ മരിച്ച് വീണതെന്ന് പറയുന്നു. കുരുക്ഷേത്രത്തിന്‍റെ 48 പരിക്രമങ്ങള്‍ എന്നുപറയുന്ന ഭാഗങ്ങളില്‍ ഒന്നാണ് അഭിമന്യുപുര്‍. 'അമിന്‍' എന്നാണ് ഈ ഗ്രാമത്തെ എല്ലാവരും വിളിക്കുന്നത്. 'അഭിമന്യു' എന്ന വാക്കില്‍ നിന്നാണ് 'അമിന്‍' എന്ന പേര് ഉണ്ടായതെന്നും പറയപ്പെടുന്നു. നിരവധി പുണ്യസ്ഥലങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രദേശമാണിത്. 10 മീറ്റര്‍ ഉയരമുള്ള ഒരു ചെറിയ കുന്നും ഇവിടെയുണ്ട്. അഭിമന്യുവിന്‍റെ കോട്ടയുടെ ബാക്കി ഭാഗമാണിതെന്ന് കരുതപ്പെടുന്നു.
അഭിമന്യുപുരില്‍ വിശുദ്ധമായ ഒരു കിണർ ഉണ്ട്. ഇവിടെയാണ് സാധാരണയായി അമൃതം ശേഖരിച്ചിരുന്നതെന്ന് പറയുന്നു. പ്രദേശവാസികളുടേയും ഭരണകൂടത്തിന്‍റെയും സഹായത്തോടെ നിലവിൽ കിണർ വൃത്തിയാക്കി സൂക്ഷിക്കുന്നു. ഇതിന് ചുറ്റുമുള്ള പ്രദേശം വളരെ പൈതൃക കേന്ദ്രമായാണ് കണക്കാക്കപ്പെടുന്നത്. അതിഥി തീര്‍ഥം എന്ന് വിളിക്കുന്ന മറ്റൊരു ആത്മീയ കേന്ദ്രവും ഇവിടെ ഉണ്ട്. ജനങ്ങള്‍ ഏറെ വിശ്വാസം അര്‍പ്പിക്കുന്ന ഒരു വിശുദ്ധ കേന്ദ്രമാണിത്. ഇവിടെ ഏതാണ്ട് 800 വര്‍ഷത്തോളം അതിഥി എന്ന സന്യാസിനി കഠിന തപസ്സ് അനുഷ്ഠിച്ചിരുന്നു. തപസ്സില്‍ സന്തുഷ്ടനായ ഭഗവാൻ ശിവൻ ശിവലിംഗത്തിന്‍റെ രൂപത്തില്‍ അവര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുകയും ആ സന്യാസിനിയെ അനുഗ്രഹിക്കുകയും ചെയ്തു. ഈ വിശുദ്ധ ജല സംഭരണിയില്‍ ഏതെങ്കിലും ഗര്‍ഭിണികളായ സ്ത്രീകള്‍ കുളിച്ച് അതിഥി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചാല്‍ ജനിക്കുന്ന ആണ്‍കുഞ്ഞ് ധീരനായി മാറും എന്നാണ് വിശ്വാസം. ആയിരകണക്കിനു വര്‍ഷങ്ങളായി അഭിമന്യുപുരിലെ ഗ്രാമവാസികളെ 'ധീരനായ അഭിമന്യുവിന്‍റെ നാട്ടുകാര്‍' എന്നാണ് എല്ലാവരും വിളിച്ചു വരുന്നത്. ചക്രവ്യൂഹത്തെ കുറിച്ചും കര്‍ണ്ണനെ കുറിച്ചും ദ്രോണാചാര്യനെ കുറിച്ചുമൊക്കെ നൂറുകണക്കിന് കഥകളാണ് ഇവിടത്തെ ആളുകൾക്ക് പറയാനുള്ളത്.