പനാജി : ഗോവയില്‍ മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസും ആം ആദ്‌മി പാര്‍ട്ടിയും ശ്രമിക്കുന്നതായി കോണ്‍ഗ്രസ്. ഗോവയില്‍ ബിജെപിക്കായാണ് ഇരു പാര്‍ട്ടികളും വോട്ടുകള്‍ ഭിന്നിപ്പിക്കുന്നതെന്നാണ് ആരോപണം.
ഗോവയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ദിനേശ് ഗുണ്ടു റാവുവാണ് ആരോപണവുമായി രംഗത്ത് എത്തിയത്. അതേസമയം സമാന ആശയങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുമായി സഖ്യത്തിന് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യൂണിറ്റ് മേധാവി ഗിരീഷ് ചോഡങ്കറും പ്രതിപക്ഷ നേതാവ് ദിഗംബർ കാമത്തും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ടിഎംസിയും എഎപിയും പോലുള്ള പാർട്ടികൾ വോട്ടുകൾ ഭിന്നിപ്പിക്കാനുള്ള ശ്രമത്തിലാണ്. തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ അവര്‍ അഴിമതി ആരംഭിച്ചുകഴിഞ്ഞു.
കൂടുതല്‍ വായനക്ക്: നിയമസഭാ സമ്മേളനം തിങ്കളാഴ്ച മുതല്‍ ; മോന്‍സണ്‍ വിഷയമടക്കം ഉന്നയിക്കപ്പെടും
ബിജെപിക്ക് വേണ്ടിയാണ് ഇരു പാര്‍ട്ടികളും പ്രവര്‍ത്തിക്കുന്നത്. ഗോവയില്‍ 40 സീറ്റുകളിലും മത്സരിക്കുമെന്ന് ടിഎംസി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു, അതേസമയം 2017 ൽ മത്സരിച്ച എഎപി അധികാരത്തില്‍ എത്താനുള്ള ശ്രമത്തിലാണ്.
കോൺഗ്രസിന്റെ വോട്ടുകൾ ഭിന്നിപ്പിക്കുന്ന പ്രതിഭാസം ഗോവയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും ഇന്ത്യയിലുടനീളം കാണാമെന്നും റാവു പറഞ്ഞു.
2017 ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ 17 സീറ്റുകൾ നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. എന്നിരുന്നാലും 13 സീറ്റുകൾ നേടിയ ബിജെപി ഏതാനും പ്രാദേശിക പാർട്ടികളുടെ പിന്തുണയോടെ അധികാരം പിടിച്ചു.