ന്യൂഡൽഹി : ഡൽഹി മുൻ ആരോഗ്യമന്ത്രിയും ആം ആദ്‌മി പാർട്ടി നേതാവുമായ സത്യേന്ദർ ജെയിൻ തിഹാർ ജയിലിലെ ശുചിമുറിയിൽ കുഴഞ്ഞുവീണു. അദ്ദേഹത്തെ ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് ഡോക്‌ടർമാർ അറിയിച്ചു.
ഇന്ന് പുലർച്ചെ ആറ് മണിയോടെയാണ് സംഭവമെന്ന് അധികൃതർ അറിയിച്ചു. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് കഴിഞ്ഞ ഒരാഴ്‌ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തിങ്കളാഴ്‌ച ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ജെയിനിനെ സഫ്‌ദർജങ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സത്യേന്ദർ ജെയിൻ ഇതിന് മുൻപും കുളിമുറിയിൽ വീണ് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നുവെന്നാണ് ആം ആദ്‌മി പാർട്ടി പറയുന്നത്. അദ്ദേഹത്തിന്‍റെ ഡോക്‌ടർമാരുടെ നിർദേശപ്രകാരം നട്ടെല്ലിന് ഉടൻ ശസ്ത്രക്രിയ നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും എഎപി വൃത്തങ്ങള്‍ വ്യക്തമാക്കി.
മെയ് മാസത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്‌തതു മുതൽ സത്യേന്ദർ ജെയിൻ ജയിലിലാണ്. 2022 മെയ് 30-ന് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്‍റെ (പിഎംഎൽഎ) വകുപ്പുകൾ പ്രകാരമാണ് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് സത്യേന്ദ്ര ജെയിനിനെ അറസ്റ്റ് ചെയ്‌തത്.
കേസ് ഇങ്ങനെ : 2022 മെയ് 30ന് കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് സത്യേന്ദർ ജെയിനിനെ ഇഡി അറസ്റ്റ് ചെയ്‌തത്. 2015-2016 കാലയളവിൽ തന്‍റെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ മറവിൽ 4.63 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചു എന്നാണ് സത്യേന്ദർ ജെയിനിനെതിരെയുള്ള കേസ്. എന്നാൽ കേസ് രാഷ്‌ട്രീയ പ്രേരിതമാണെന്നാണ് ആം ആദ്‌മി പാർട്ടിയുടെ ആരോപണം.
കേസുമായി ബന്ധപ്പെട്ട് സത്യേന്ദർ ജെയിനുമായി ബന്ധമുള്ള പത്തോളം ബിസിനസ് സ്ഥാപനങ്ങളിലും വീടുകളിലും ഇഡി റെയ്‌ഡ് നടത്തിയിരുന്നു. മുൻപ് ഇഡി നടത്തിയ റെയ്‌ഡുകളിൽ നിന്ന് 2.85 കോടി രൂപയും 1.80 കിലോ സ്വർണനാണയങ്ങളും പിടിച്ചെടുത്തിരുന്നു.
'ജയിലിൽ വിഐപി പരിഗണന' : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ഡൽഹി മന്ത്രിയും ആംആദ്‌മി പാർട്ടി നേതാവുമായ സത്യേന്ദർ ജെയിനിന് തിഹാർ ജയിലിൽ ലഭിക്കുന്നത് ആഡംബര സൗകര്യങ്ങളാണെന്ന് വ്യക്തമാക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. സെല്ലിനുള്ളിലിരുന്ന് മന്ത്രി പച്ചക്കറികളും പഴവർഗങ്ങളും കഴിക്കുന്നതിന്‍റെ വീഡിയോയാണ് പുറത്തുവന്നത്. ജയിലിൽ ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ലെന്നും ജയിലിൽ ആയതോടെ സത്യേന്ദർ ജയിന്‍റെ ശരീരഭാരം 28 കിലോ കുറഞ്ഞുവെന്നും കാട്ടി പരാതി നൽകിയതിന് തൊട്ടുപിന്നാലെയാണ് മന്ത്രി വിഭവ സമൃദ്ധമായി ഭക്ഷണം കഴിക്കുന്നതിന്‍റെ വീഡിയോ പുറത്തുവന്നത്.
രൂക്ഷ വിമർശനവുമായി ബിജെപി : വീഡിയോക്കെതിരെ ശക്‌തമായി പ്രതികരിച്ചുകൊണ്ട് ബിജെപി രംഗത്തെത്തിയിരുന്നു. 'മാധ്യമങ്ങളിൽ നിന്ന് ഒരു വീഡിയോ കൂടി ലഭിച്ചു. ബലാത്സംഗക്കേസിലെ പ്രതിയെക്കൊണ്ട് മസാജ് ചെയ്യിപ്പിച്ച് അയാളെ ഫിസിയോ തെറാപ്പിസ്റ്റ് എന്ന് വിളിച്ചതിന് ശേഷം, സത്യേന്ദർ ജെയിൻ വിഭവ സമൃദ്ധമായ ഭക്ഷണം ആസ്വദിക്കുന്നത്. റിസോർട്ടിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയത് പോലെയാണ് പരിചാരകൻ അദ്ദേഹത്തിന് ഭക്ഷണം വിളമ്പുന്നത്. ഹവാലക്കാർക്ക് ശിക്ഷയല്ല വിവിഐപി സുഖ സൗകര്യങ്ങളാണ് ലഭിക്കുന്നതെന്ന് കെജ്‌രിവാൾ ജി ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവല്ല വീഡിയോ പങ്കുവച്ചുകൊണ്ട് ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞ അഞ്ച് മാസമായി ജയിലിൽ കിടക്കുന്ന ഒരാളെ മന്ത്രി സ്ഥാനത്ത് നിർത്തി ബലാത്സംഗക്കേസ് പ്രതിയിൽ നിന്ന് മസാജ് ചെയ്യിപ്പിച്ചും ജയിലിന് പുറത്ത് നിന്ന് ഭക്ഷണം എത്തിച്ചും എന്തിനാണ് ഈ സൗകര്യം നൽകുന്നതെന്ന് അരവിന്ദ് കെജ്‌രിവാൾ ഉത്തരം പറയണമെന്നും ട്വിറ്ററിൽ കൂട്ടിച്ചേർത്തു.
Also read : സത്യേന്ദർ ജെയിനിന് ജയിലിൽ വിഭവ സമൃദ്ധമായ ആഹാരം; പട്ടിണിയെന്ന പരാതിക്ക് പിന്നാലെ പുതിയ വീഡിയോ പുറത്ത്