ന്യൂഡൽഹി: ആം ആദ്‌മി പാർട്ടി അധികാരത്തില്‍ നിന്ന് അട്ടിമറിക്കാനുള്ള ' ഓപ്പറേഷൻ ലോട്ടസ് ' അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലെ ആം ആദ്‌മി പാർട്ടി എംഎൽഎമാർ ബുധനാഴ്‌ച സിബിഐ ഡയറക്‌ടറെ കാണും. പത്ത് എഎപി എംഎൽഎമാരുടെ സംഘമാണ് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് സിബിഐ ഡയറക്‌ടറെ കാണുകയെന്ന് പാർട്ടി നേതാവ് അതിഷി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഡൽഹിയിലെ ഭരണകക്ഷിയിലെ 40 എംഎൽഎമാരെ ബിജെപി ലക്ഷ്യമിട്ടിട്ടുണ്ട്. പാർട്ടി മാറുന്നതിനായി ഇവർക്ക് 20 കോടി രൂപ വീതം വാഗ്‌ദാനം ചെയ്‌തതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഉൾപ്പെടെയുള്ള എഎപി നേതാക്കൾ അവകാശപ്പെട്ടു. നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി ഏതെങ്കിലും സംസ്ഥാനത്ത് പരാജയപ്പെടുമ്പോൾ പ്രതിപക്ഷത്തെ ഒതുക്കാൻ സിബിഐയെയും ഇഡിയെയും ഉപയേോഗിച്ച് ' ഓപ്പറേഷൻ ലോട്ടസ് ' നടത്തുന്നതായി അതിഷി ആരോപിച്ചു.
ഭരണകക്ഷി എംഎൽഎമാർക്ക് പണം നൽകാമെന്ന് പറയുകയും പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നാൽ അവർക്കെതിരായ കേസുകൾ പിൻവലിക്കാമെന്ന് വാഗ്‌ദാനം ചെയ്യുകയും ചെയ്യുന്നതായും അതിഷി ആരോപിച്ചു. എന്നാൽ ഈ ആരോപണങ്ങളെല്ലാം ബിജെപി തള്ളി.