ന്യൂഡൽഹി : കള്ളപ്പണം വെളുപ്പിക്കൽ(Money Laundering Case) കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ (Delhi CM Aravind Kajriwal) നവംബർ രണ്ടിന് ഇഡി അറസ്‌റ്റ് ചെയ്യുമെന്ന ആശങ്ക പ്രകടിപ്പിച്ച് ഡൽഹി ക്യാബിനറ്റ് മന്ത്രി അതിഷി (Minister Atishi Marlena). ആം ആദ്‌മി പാർട്ടിയെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അതിനായി കേന്ദ്രം ഭരിക്കുന്ന ബിജെപി നിയമവിരുദ്ധ തന്ത്രങ്ങൾ പ്രയോഗിക്കുകയാണെന്നും മന്ത്രി ആരോപിച്ചു. നിയമസഭ, മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പുകളിൽ പ്രകടമായത് പോലെ കെജ്‌രിവാളിനെയും എഎപിയേയും പരാജയപ്പെടുത്താമെന്ന പ്രതീക്ഷ ബിജെപിയ്‌ക്ക് നഷ്‌ടപ്പെട്ടു.
അതോടെ ഗൂഢമായ പല രീതികളും ബിജെപി അവലംബിക്കുകയാണെന്ന് പത്രസമ്മേളനത്തിലാണ് മന്ത്രി പറഞ്ഞത്. പാർട്ടിയെ തകർക്കാൻ വേണ്ടി പാർട്ടിയിലെ ഉന്നതരായ നേതാക്കളെ അഴിക്കുള്ളിലാക്കാൻ അവർ ശ്രമിക്കുന്നു. കേന്ദ്രത്തിനെതിരെ കെജ്‌രിവാൾ സന്ധിയില്ലാത്ത സമരം നടത്തുകയാണ്. അതിനാലാണ് അദ്ദേഹത്തെ അവർ ലക്ഷ്യമിടുന്നത്.
മനീഷ് സിസോദിയയുടെ (Manish Sisodia Arrest) അറസ്‌റ്റ് അനുസ്‌മരിച്ച മന്ത്രി ഇന്ത്യ സഖ്യത്തിലെ മറ്റ് നേതാക്കളേയും ബിജെപി ലക്ഷ്യംവയ്‌ക്കുന്നതായി പറഞ്ഞു. ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രി കെജ്‌രിവാളിനെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് വിളിപ്പിച്ചതിന് പിന്നാലെയാണ് ഡൽഹി മന്ത്രിയുടെ ആരോപണം. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമാണ് കെജ്‌രിവാളിന് ഇഡി സമൻസ് അയച്ചിട്ടുള്ളത്.
ഡൽഹി മുഖ്യമന്ത്രിയെ നേരത്തെ സിബിഐ ചോദ്യം ചെയ്‌തിരുന്നു. ഇതേ കേസിൽ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് കെജ്‌രിവാളിന് നോട്ടീസ് നല്‍കിയത്. ഇഡിയും സിബിഐയും രജിസ്റ്റര്‍ ചെയ്‌ത കേസിലാണ് മനീഷ് സിസോദിയ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചത്. ഹർജി തള്ളിയ സാഹചര്യത്തിൽ സിസോദിയ ജയിലിൽ തന്നെ തുടരും.
കേസിന്‍റെ വിചാരണ മൂന്ന് മാസത്തിൽ പൂർത്തിയാക്കും എന്നത് കണക്കിലെടുത്താണ് സുപ്രീം കോടതിയുടെ തീരുമാനം. കഴിഞ്ഞ ഫെബ്രുവരി 26 നാണ് മദ്യനയ കേസില്‍ മനീഷ് സിസോദിയയെ സിബിഐ മദ്യനയക്കേസിൽ അറസ്റ്റ് ചെയ്‌തത്. കേസിലെ സാമ്പത്തിക ക്രമക്കേടാണ് ഇഡി അന്വേഷിക്കുന്നത്. സിബിഐ അറസ്റ്റിനെ തുടര്‍ന്ന് കെജ്‌രിവാള്‍ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രി സ്ഥാനം അന്ന് സിസോദിയ രാജിവച്ചിരുന്നു. 2021ലാണ് അരവിന്ദ് കെജ്‌രിവാളിന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭ മദ്യനയം പാസാക്കിയത്.