ന്യൂഡൽഹി: രാജ്യസഭയിൽ മോശമായി പെരുമാറിയെന്ന് ആരോപിച്ച് ആം ആദ്‌മി പാർട്ടി നേതാവ് സഞ്ജയ് സിങ്ങിനും സസ്പെന്‍ഷന്‍. 19 പ്രതിപക്ഷ എം.എല്‍.എമാരുടെ സസ്പെന്‍ഷന് ശേഷം സഭ വീണ്ടും ചേര്‍ന്നപ്പോഴായിരുന്നു ചെയറിന് നേരെ സഞ്ജയ് സിങ് പേപ്പറുകള്‍ വലിച്ചെറിഞ്ഞത്. ടിആർഎസ്, സിപിഐ-എം, സിപിഐ എന്നിവരെ കൂടാതെ ടിഎംസിയിലെ ഏഴ് പേർ ഡിഎംകെയിലെ ആറ് പേർ ഉൾപ്പടെ പ്രതിപക്ഷ പാർട്ടികളുടെ 19 എംപിമാരെയാണ് അച്ചടക്ക ലംഘനത്തിന് രാജ്യസഭയില്‍ നിന്ന് സസ്പെൻഡ് ചെയ്തിരുന്നത്.
കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി മുരളീധരനാണ് സഞ്ജയ് സിങിനെ വാരാന്ത്യം വരെ സസ്പെൻഡ് ചെയ്യണമെന്ന പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷ അംഗങ്ങൾ സഭയിൽ ബഹളം തുടർന്നെങ്കിലും ശബ്ദ വോട്ടോടെയാണ് പ്രമേയം പാസാക്കിയത്. പ്രമേയം പാസായ ഉടനെ തന്നെ സഞ്ജയ് സിങ്ങിനോട് സഭ വിട്ടു പോകാൻ ഡെപ്യൂട്ടി ചെയർമാൻ ആവശ്യപ്പെട്ടു. പ്രതിപക്ഷ അംഗങ്ങളുടെ ബഹളത്തെ തുടർന്ന് ഡെപ്യൂട്ടി ചെയർമാൻ 15 മിനിറ്റ് നേരത്തേക്ക് സഭ നിർത്തിവച്ചു.