ഗാന്ധിനഗര്‍: ഗുജറാത്തില്‍ കോണ്‍ഗ്രസിന് വെല്ലുവിളിയായി ആം ആദ്മി പാര്‍ട്ടി ഉയര്‍ന്നു വരികയാണെന്ന് മുഖ്യമന്ത്രി വിജയ് രൂപാനി. ഫെബ്രുവരി 21 ന് നടന്ന മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ സൂറത്തില്‍ നിന്നും 27 സീറ്റുകളാണ് എഎപി നേടിയത്. നേരത്തെ കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്നാണ് എഎപി സീറ്റുകള്‍ നേടിയിരുന്നത്. അതിനാല്‍ തന്നെ ബിജെപിക്കല്ല കോണ്‍ഗ്രസിന് എഎപി ഒരു വെല്ലുവിളിയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബവ്‌ലയില്‍ മാധ്യമ പ്രവര്‍ത്തകന്‍റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് കോട്ടകളെ തകര്‍ത്ത് എഎപി സംസ്ഥാനത്ത് കോണ്‍ഗ്രസിന് തന്നെ ബദലായിരിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഗുജറാത്തില്‍ ആം ആദ്‌മി പാര്‍ട്ടിയുടെ പ്രവേശനം വെല്ലുവിളിയാണെന്നും പാര്‍ട്ടിയുടെ മുന്നേറ്റത്തെ തടുക്കാന്‍ ബിജെപി വഴി കണ്ടെത്തുമെന്നും സംസ്ഥാന ബിജെപി അധ്യക്ഷന്‍ സിആര്‍ പാട്ടീല്‍ പറഞ്ഞിരുന്നു.
120 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 93 സീറ്റുകള്‍ നേടി ബിജെപി അധികാരം നേടിയിരുന്നു. ആറ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലും ബിജെപി ജയം നേടി. 81 മുന്‍സിപ്പാലിറ്റികള്‍, 31 ജില്ലാ പഞ്ചായത്തുകള്‍, 231 താലൂക്കുകള്‍ എന്നിവിടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ മാസം 28ന് നടക്കും.