ന്യൂഡൽഹി : തലസ്ഥാന ഭരണത്തിന്‍റെ നിയന്ത്രണം സംബന്ധിച്ച കേന്ദ്ര സർക്കാർ ഓർഡിനൻസിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് ഡൽഹി സർക്കാർ. ഡൽഹി സര്‍ക്കാരിലെ ഗ്രൂപ്പ് - എ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിനും നിയമിക്കുന്നതിനുമുള്ള അതോറിറ്റി രൂപീകരിക്കാൻ കേന്ദ്രം മെയ് 19നാണ് ഓർഡിനൻസ് പുറപ്പെടുവിച്ചത്. ഇതിനെതിരെയാണ് ആംആദ്‌മി സർക്കാർ ഇപ്പോൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
അതേസമയം ജൂലൈ മൂന്നിന് സെൻട്രൽ ഡൽഹിയിലെ പാർട്ടി ഓഫിസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രതിഷേധ സൂചകമായി കേന്ദ്ര സർക്കാരിന്‍റെ ഓർഡിനൻസിന്‍റെ കോപ്പി കത്തിക്കുമെന്ന് ആം ആദ്‌മി പാർട്ടി അറിയിച്ചു. ഓർഡിനൻസിനെതിരെ പാർട്ടി ജൂൺ 11ന് മഹാറാലിയും സംഘടിപ്പിച്ചിരുന്നു.
പുതിയ ഓർഡിനൻസ് പ്രകാരം ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിനും നിയമിക്കുന്നതിനുമായി നാഷണൽ ക്യാപിറ്റൽ സിവിൽ സർവീസ് അതോറിറ്റിയെയാണ് കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇതിന് മുൻപ് മെയ് 11ന് നിയമനം ഉൾപ്പടെ ഡൽഹി സർക്കാരിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ നിയന്ത്രണം ഭരണകൂടത്തിന് തന്നെയാണെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു.
പൊലീസ്, പൊതു ക്രമം, ഭൂമി എന്നിവ ഒഴികെയുള്ള ഡൽഹിയിലെ സേവനങ്ങളുടെ നിയന്ത്രണം തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് തന്നെയാണെന്നായിരുന്നു സുപ്രീം കോടതി വിധി. ഇതിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ ഓർഡിനൻസ് പുറത്തിറക്കിയത്. അതേസമയം ഓർഡിനൻസ് സുപ്രീം കോടതി വിധിയുടെ ലംഘനമെന്നാണ് ആം ആദ്‌മി പാർട്ടിയുടെ ആരോപണം.
സുപ്രീം കോടതി പുറപ്പെടുവിച്ച വിധിക്ക് മുമ്പ് ലെഫ്റ്റനന്‍റ് ഗവർണറുടെ എക്‌സിക്യൂട്ടീവ് നിയന്ത്രണത്തിലായിരുന്നു ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവും നിയമനങ്ങളും നടന്നിരുന്നത്. നാഷണൽ ക്യാപിറ്റൽ സിവിൽ സർവീസ് അതോറിറ്റിയുടെ രൂപീകരണത്തോടെ സേവന കാര്യങ്ങളുടെ തീരുമാനത്തിൽ മാറ്റം വരുത്താൻ ലഫ്റ്റനന്‍റ് ഗവർണർക്ക് അധികാരമുണ്ട്.
ദേശീയ തലസ്ഥാനം രാജ്യത്തിന് മുഴുവൻ അവകാശപ്പെട്ടതാണെന്നും ദേശീയ തലസ്ഥാനത്തിന്‍റെ ഭരണത്തിൽ മുഴുവൻ രാജ്യത്തിനും അധികാരമുണ്ടെന്നുമാണ് കേന്ദ്ര സർക്കാർ ഓർഡിനൻസിലൂടെ വ്യക്‌തമാക്കുന്നത്. അതിനാൽ തന്നെ ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലം മാറ്റവും ശുപാർശ ചെയ്യാനുള്ള ചുമതല നാഷണൽ കാപ്പിറ്റൽ സിവിൽ സർവീസ് അതോറിറ്റിക്കാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.
നാഷണൽ ക്യാപിറ്റൽ സിവിൽ സർവീസ് അതോറിറ്റി ശുപാർശകൾ നൽകേണ്ടത് ലെഫ്റ്റനന്‍റ് ഗവർണർക്കാണ്. ശുപാർശകൾ പുനഃപരിശോധന നടത്താനായി അതോറിറ്റിക്ക് തിരിച്ചയക്കാനായി ലഫ്റ്റനന്‍റ് ഗവർണർക്ക് അധികാരമുണ്ട്. ഇതിലും അഭിപ്രായ വ്യത്യാസമുണ്ടായാൽ ലെഫ്റ്റനന്‍റ് ഗവർണറുടെ തീരുമാനം അന്തിമമായിരിക്കുമെന്നും ഓർഡിനൻസിൽ വ്യക്‌തമാക്കുന്നുണ്ട്.