ന്യൂഡൽഹി : ശ്രദ്ധ വാക്കർ കൊലപാതക കേസ് പ്രതിയായ അഫ്‌താബ് അമിൻ പൂനാവാലയുടെ ശബ്‌ദ സാമ്പിൾ ശേഖരിച്ച് അന്വേഷണസംഘം. തിങ്കളാഴ്‌ച സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലെത്തിച്ചാണ് ശബ്‌ദ സാമ്പിൾ എടുത്തത്. ശ്രദ്ധ വാക്കറുമായി വഴക്കിട്ടതായി കേൾക്കുന്ന ഒരു ഓഡിയോ ക്ലിപ്പ് പൊലീസിന് ലഭിച്ചതിനെ തുടർന്ന് ഇതിലെ പുരുഷ ശബ്‌ദം അഫ്‌താബിന്‍റേതുമായി ഒത്തുനോക്കുന്നതിനാണ് ശബ്‌ദ സാമ്പിളെടുത്തത്.
മെയ് 30 നാണ് അഫ്‌താബ് പൂനാവാല തന്‍റെ ലിവ് ഇൻ പങ്കാളിയായ ശ്രദ്ധ വാക്കറെ(27) കൊലപ്പെടുത്തി ശരീരം 35 കഷണങ്ങളാക്കിയത്. ശേഷം ശരീര ഭാഗങ്ങൾ മെഹ്‌റൗളിയിലെ തന്‍റെ വസതിയിൽ മൂന്നാഴ്‌ചയോളം ഫ്രിഡ്‌ജിൽ സൂക്ഷിക്കുകയും ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ വലിച്ചെറിയുകയും ചെയ്‌തു. നവംബർ 14 നാണ് അഫ്‌താബ് പൊലീസ് കസ്‌റ്റഡിയിലാകുന്നത്.
വെള്ളിയാഴ്‌ച ന്യൂഡൽഹി കോടതി അഫ്‌താബിന്‍റെ ജുഡീഷ്യൽ കസ്റ്റഡി 14 ദിവസത്തേക്ക് നീട്ടി. വിവാഹത്തെച്ചൊല്ലിയുള്ള വഴക്കിനെത്തുടർന്ന് ശ്രദ്ധ വാക്കറിനെ കൊലപ്പെടുത്തിയെന്ന് പൂനാവാല സമ്മതിച്ചിരുന്നു. കൊലപാതകത്തിന് അമേരിക്കൻ ക്രൈം സീരീസായ 'ഡെക്‌സ്റ്ററിൽ' നിന്നാണ് പ്രതി പ്രചോദനം ഉൾക്കൊണ്ടത്.