ബാലാപൂർ (മഹാരാഷ്‌ട്ര) : ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്‌ട്ര സർക്കാർ വരുംമാസങ്ങളിൽ തകരുമെന്ന് ശിവസേന നേതാവ് ആദിത്യ താക്കറെ. ഉടൻതന്നെ ഇടക്കാല തെരഞ്ഞെടുപ്പിന് തയാറെടുക്കാനും ആദിത്യ താക്കറെ പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്‌തു.
ചതിയൻമാരുടെ ഈ സർക്കാർ ഉടൻ തകരും. ഇടക്കാല തെരഞ്ഞെടുപ്പ് അടുത്തുവരികയാണ്. തെരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടി അണികൾ സജ്ജരായിരിക്കണമെന്നും ആദിത്യ പറഞ്ഞു. അകോല ജില്ലയിൽ നടന്ന റാലിയ്‌ക്കിടെയായിരുന്നു ആദിത്യ താക്കറെയുടെ പ്രഖ്യാപനം.
വ്യവസായ നിക്ഷേപങ്ങൾക്ക് സർക്കാർ മഹാരാഷ്‌ട്രയെ തഴഞ്ഞ് മറ്റ് സംസ്ഥാനങ്ങളെ തെരഞ്ഞെടുക്കുകയാണെന്ന് ആദിത്യ താക്കറെ വിമർശിച്ചു. സംസ്ഥാനത്തെ 2.5 ലക്ഷം പേർക്ക് തൊഴിൽ നഷ്‌ടപ്പെട്ടു. മഹാരാഷ്ട്രയ്ക്ക് വേണ്ടി ഏറ്റവും മോശം പ്രവൃത്തിയാണ് വ്യവസായ മന്ത്രി ഉദയ് സാമന്ത് ചെയ്യുന്നതെന്നും മുൻമന്ത്രി കൂടിയായ ആദിത്യ താക്കറെ വിമർശനം ഉന്നയിച്ചു.
തന്നെ ഛോട്ടാ പപ്പു എന്ന് വിളിച്ചതിന് കൃഷി മന്ത്രി അബ്‌ദുൽ സത്താറിനെതിരെയും താക്കറെ തിരിച്ചടിച്ചു. "ഞാൻ ഛോട്ടാ പപ്പു ആയിരിക്കാം. പക്ഷേ ആ പേര് വിളിക്കുന്നത് മഹാരാഷ്‌ട്രയുടെ രാഷ്‌ട്രീയം നിറവേറ്റാൻ നിങ്ങളെ സഹായിക്കുന്നുവെങ്കിൽ അത് തുടരാം. വഞ്ചന മഹാരാഷ്‌ട്രയിലെ ജനത വഞ്ചന അംഗീകരിക്കാത്തതിനാൽ നിങ്ങളെ സംസ്ഥാനത്തുനിന്ന് ഞാൻ തുരത്തും' - ആദിത്യ താക്കറെ പ്രതികരിച്ചു.
ഷിൻഡെയാണോ ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ആണോ യഥാർഥ മുഖ്യമന്ത്രിയെന്ന് തിരിച്ചറിയാൻ കഴിയുന്നില്ലെന്നും ആദിത്യ താക്കറെ പരിഹസിച്ചു. മഹാരാഷ്‌ട്രയിൽ ഭരണഘടനാവിരുദ്ധ സർക്കാർ രൂപീകരിക്കപ്പെട്ടതുമുതൽ കർഷകരുടേയും യുവതയുടെയും പ്രശ്‌നങ്ങൾ കേൾക്കാൻ ആളില്ലാതെയായി. കാലവർഷത്തെ തുടർന്ന് കർഷകർ നേരിടുന്ന ദുരിതം പരിഹരിക്കാൻ സംസ്ഥാനത്തേത് മഴക്കെടുതി ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.
ആദിത്യ താക്കറെയുടെ പിതാവും മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയും കഴിഞ്ഞയാഴ്‌ച സംസ്ഥാനത്ത് ഇടക്കാല തെരഞ്ഞെടുപ്പിന്‍റെ സാധ്യതകളെ കുറിച്ച് സംസാരിച്ചിരുന്നു.