ന്യൂഡൽഹി: മാധ്യമ പ്രവർത്തക പ്രിയ രമണിയെ കുറ്റവിമുക്തയാക്കി ഡൽഹി കോടതി. ലൈംഗിക പീഡന ആരോപണം ഉന്നയിച്ചതിനെതിരെ എംജെ അക്ബർ സമർപ്പിച്ച ക്രിമിനൽ മാനനഷ്‌ടക്കേസാണ് ഡൽഹി കോടതി തള്ളിയത്. പീഡനത്തിനെതിരെ ശബ്‌ദമുയർത്തിയതിന് ഒരു സ്ത്രീയെ ശിക്ഷിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
കേസിന്‍റെ നാൾവഴികളിലൂടെ:
ഒക്ടോബർ 8, 2018: അന്ന് കേന്ദ്രമന്ത്രിയായിരുന്ന എം ജെ അക്ബർ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് മാധ്യമപ്രവർത്തക പ്രിയ രമണി ആരോപിച്ചു.
ഒക്ടോബർ 15, 2018: എംജെ അക്ബർ ക്രിമിനൽ മാനനഷ്ട പരാതി ഡൽഹി കോടതിയിൽ സമർപ്പിച്ചു.
ഒക്ടോബർ 17, 2018: എംജെ അക്ബർ കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചു.
ജനുവരി 29, 2019: കേസിൽ പ്രതി ചേർത്ത് പ്രിയ രമണിക്ക് ഡൽഹി കോടതി സമൻസ് അയച്ചു.
ഫെബ്രുവരി 25, 2019: പ്രിയ രമണിക്ക് ഡൽഹി കോടതി ജാമ്യം അനുവദിച്ചു.
ഫെബ്രുവരി 7, 2020: കേസിൽ കോടതി അന്തിമ വാദം കേൾക്കാൻ ആരംഭിച്ചു.
സെപ്റ്റംബർ 19, 2020: കേസ് പരിഗണിച്ച ജഡ്‌ജി കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റുന്നു.
ഒക്ടോബർ 22, 2020: കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റാൻ ജില്ലാ ജഡ്‌ജി വിസമ്മതിക്കുകയും കേസ് കേട്ടിരുന്ന മജിസ്‌ട്രേറ്റിന് തിരികെ അയയ്ക്കുകയും ചെയ്യുന്നു.
നവംബർ 18, 2020: 215 ജുഡീഷ്യൽ ഓഫീസർമാരെ മാറ്റി നിയമിക്കാൻ ഡൽഹി ഹൈക്കോടതി വിധി വരുന്നു. പ്രിയ രമണിക്കെതിരെ എംജെ അക്ബറിന്‍റെ മാനനഷ്‌ടക്കേസ് കേട്ട ജഡ്‌ജിയും ഇതിൽ ഉൾപ്പെടുന്നു.
നവംബർ 21, 2020: കേസിലെ അന്തിമ വാദങ്ങൾ പുതിയ ജഡ്‌ജി വീണ്ടും കേൾക്കാൻ തുടങ്ങുന്നു.
ഫെബ്രുവരി 1, 2021: ഇരു കക്ഷികളും അന്തിമ വാദം പൂർത്തിയാക്കിയ ശേഷം കോടതി വിധി പറയാൻ മാറ്റുന്നു.
ഫെബ്രുവരി 10, 2021: രേഖാമൂലമുള്ള കാര്യങ്ങള്‍ വൈകി സമർപ്പിച്ചതിനാൽ വിധി ഫെബ്രുവരി 17 ലേക്ക് മാറ്റി.
ഫെബ്രുവരി 17, 2021: പ്രിയ രമണിയെ കുറ്റവിമുക്തയാക്കി വിധി വരുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങളൊന്നും തെളിയിക്കപ്പെട്ടിട്ടില്ലെന്ന് കാണിച്ച് എംജെ അക്ബർ നൽകിയ പരാതി കോടതി തള്ളി.