ലുധിയാന (പഞ്ചാബ്) : ശ്രീരാമൻ രാവണന് മേൽ നേടിയ വിജയം ആഘോഷിക്കുന്ന ഉത്സവമാണ് ദസറയെന്നാണ് ഐതിഹ്യം. തിന്മയ്‌ക്കെതിരായ നന്മയുടെ വിജയമായി വിശ്വാസികള്‍ കരുതുന്ന ദസറ ദിനത്തിൽ (ഒക്‌ടോബർ 5) രാവണന്‍റെ കോലം കത്തിക്കുന്നത് പ്രധാന ചടങ്ങാണ്. എന്നാല്‍ ശ്രീരാമനെയും രാവണനെയും ഒന്നിച്ചാരാധിയ്ക്കുകയാണ് പഞ്ചാബിലെ പായൽ ഗ്രാമത്തിലെ ദുബെ കുടുംബം. 150 വർഷമായി ദുബെ കുടുംബം രാവണനെ ആരാധിക്കുന്നു. ഇങ്ങനെ ചെയ്‌താല്‍ കാര്യസാധ്യം നിശ്ചയമെന്നാണ് ഇവരുടെ വിശ്വാസവും അവകാശവാദവും.
25 അടിയുള്ള രാവണ വിഗ്രഹം പണിതിരിക്കുന്നത് രാമക്ഷേത്ര പരിസരത്ത് തന്നെയാണെന്നതാണ് കൗതുകകരം. സൂര്യാസ്‌തമയത്തിന് മുമ്പ് വിഗ്രഹ പൂജ നടത്തും. ആടിന്‍റെ ചെവിയിൽ നിന്നുള്ള രക്തം, മാംസം, മദ്യം എന്നിവ സമര്‍പ്പിക്കും. കുടുംബത്തിലെ എട്ട് തലമുറകളായി തുടർന്നുവരുന്നതാണിത്.
ദുബെ കുടുംബത്തിലെ പൂർവികനായ ഹക്കീം ബീർബൽ ദാസാണ് രാവണ വിഗ്രഹ ആരാധന ആരംഭിച്ചതെന്ന് പ്രദേശവാസികൾ പറയുന്നു. ഹക്കീം ബീർബൽ ദാസ് രണ്ട് വിവാഹം ചെയ്‌തുവെങ്കിലും കുട്ടികളുണ്ടായില്ല. ഇതിൽ കടുത്ത നിരാശനായിരുന്ന ഹക്കീമിനോട് ഒരു സന്യാസിയാണത്രേ രാവണനെ ആരാധിക്കാൻ ഉപദേശിച്ചത്. ഇത് കേട്ട് രാവണനെ ആരാധിക്കാൻ തുടങ്ങിയ ഹക്കീമിന് നാല് ആൺകുട്ടികൾ ജനിച്ചെന്നാണ് ആരാധനയുമായി ചേര്‍ന്നുനില്‍ക്കുന്നവര്‍ അവകാശപ്പെടുന്നത്.
തുടർന്ന് 1834ൽ ഹക്കീം ഒരു രാമക്ഷേത്രവും ക്ഷേത്ര പരിസരത്ത് ഒരു രാവണ വിഗ്രഹവും പണിതു. അന്ന് മുതലാണ് ദസറ ദിനത്തിൽ ആഘോഷപൂർവം രാവണനെയും ശ്രീരാമനെയും ആരാധിക്കുന്ന സമ്പ്രദായം ആരംഭിച്ചത്. ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ദസറ ദിനത്തിൽ രാവണ വിഗ്രഹം തകർക്കാൻ ചിലർ ശ്രമിച്ചുവെന്ന് വിശ്വാസികൾ പറയുന്നു.
ഇതിന് ശേഷം ബുദ്ധിമുട്ടുകള്‍ നേരിടുകയും തുടർന്ന് മാപ്പുതേടി രാമക്ഷേത്രത്തിലെത്തുകയും വിഗ്രഹം പുനർനിർമിച്ച് നൽകുകയും ചെയ്‌തുവെന്നും വിശ്വാസികൾ അവകാശപ്പെടുന്നു. ദുബെ കുടുംബം ക്ഷേത്രത്തില്‍ രാം ലീല അവതരിപ്പിക്കാറുണ്ട്. അടുത്തുള്ള പല ഗ്രാമങ്ങളിൽ നിന്നും രാവണനെ ആരാധിക്കാൻ ആളുകൾ ഇവിടേക്ക് എത്തുന്നു. കുട്ടികളില്ലാത്ത കുടുംബങ്ങളാണ് കൂടുതലും വരാറുള്ളത്.