അമരാവതി: ഏഴാം ക്ലാസിൽ അവസാനിച്ചതാണ് പത്മാകറിന്‍റെ സ്കൂൾ പഠനം. എന്നിട്ടും അദ്ദേഹം ഇപ്പോള്‍ എം ടെക് വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നു. അതെങ്ങനെ സാധിക്കും എന്ന് അല്‍ഭുതപ്പെടുന്നവരുടെ മുന്നിലേക്കാണ് പത്മാകറിന്‍റെ ജീവിതം തുറക്കുന്നത്. പറക്കണമെന്ന തന്‍റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ടി ഒരു ഹെലികോപ്ടര്‍ സ്വന്തമായി നിര്‍മിക്കുവാന്‍ ഇറങ്ങി പുറപ്പെട്ട മനുഷ്യനാണ് പത്മാകർ. അവിടെയും തീരുന്നില്ല ഇദ്ദേഹത്തിന്‍റെ നേട്ടങ്ങള്‍. കാര്‍ബണ്‍ പുറത്ത് വിടുന്നത് കുറച്ച് പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനായി ബദല്‍ ഇന്ധനം ഉപയോഗിക്കുന്ന വാഹനവും പത്മാകറിന്‍റെ സൃഷ്ടികളിൽ ഉൾപ്പെടുന്നു.
കിഴക്കന്‍ ഗോദാവരി ജില്ലയിലെ കാക്കിനഡ സ്വദേശിയാണ് പത്മാകര്‍. വളരെ അപൂര്‍വ്വമായി കണ്ടു വരുന്ന ഒരുതരം ചര്‍മ്മ രോഗവുമായാണ് ജനിക്കുന്നത്. ഈ ദുരവസ്ഥയെ സഹപാഠികള്‍ കളിയാക്കിയതോടെ സ്‌കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിച്ചു. പിന്നീട് വാഹനങ്ങള്‍ നന്നാക്കാൻ പരിശീലനം നേടി. ഒരു ചെറുകിട മെക്കാനിക്കായാണ് പത്മാകർ തുടക്കം കുറിച്ചത്. ക്രമേണ ഉപഭോക്താക്കളുടെ വീട്ടു പടിക്കല്‍ സേവനം ലഭ്യമാക്കുന്ന തരത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു.
വായു മലിനീകരണം കുറയ്ക്കുന്നതിനായി തന്നാലാവുന്നത് ചെയ്യുന്നതിന്‍റെ ഭാഗമായി പത്മാകര്‍ ബാറ്ററി കൊണ്ട് ഓടുന്ന ഒരു കാറും രൂപകല്‍പ്പന ചെയ്യുകയുണ്ടായി. അന്ന് തൊട്ട് ഇതുവരെ അദ്ദേഹം ബാറ്ററി കൊണ്ടും സൗരോർജ്ജം കൊണ്ടും മാത്രം പ്രവർത്തിക്കുന്ന 600 ഓളം വാഹനങ്ങള്‍ രൂപകല്‍പ്പന ചെയ്തു. ആന്ധ്രപ്രദേശിലേയും തെലങ്കാനയിലേയും നൂറുകണക്കിന് എഞ്ചിനീയറിങ് കോളജുകളില്‍ പാഠ്യ പദ്ധതികളുടെ ഭാഗമാണ് പത്മാകര്‍ നിര്‍മ്മിച്ച വാഹനങ്ങള്‍.
ഇന്ത്യന്‍ നാവിക സേനയുടെ ഹെലികോപ്ടറുകള്‍ വരെ പത്മാകര്‍ നന്നാക്കി എടുത്തിട്ടുണ്ട്. സ്വന്തമായി ഒരു ഹെലികോപ്ടര്‍ നിര്‍മിച്ച് അതില്‍ വിശാഖപട്ടണത്തിന് മുകളിലൂടെ പറക്കണമെന്നതാണ് പത്മാകറിന്‍റെ ജീവിത ലക്ഷ്യം. നിലവിൽ പത്മാകാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച്ച് ആന്‍റ് ഡവലപ്പ്‌മെന്‍റ് എന്നൊരു പ്രസ്ഥാനത്തിനും തുടക്കം കുറിച്ചിട്ടുണ്ട്. നവീനമായ കണ്ടെത്തലുകള്‍ക്ക് സൗകര്യം ഒരുക്കുകയാണ് ഈ സ്ഥാപനത്തിന്‍റെ ലക്ഷ്യം.
പത്മാകറിന്‍റെ കുടുംബാംഗങ്ങള്‍ അദ്ദേഹത്തിന്‍റെ ഈ നൈപുണ്യങ്ങളിലും നേട്ടങ്ങളിലും ഏറെ അഭിമാനം കൊള്ളുന്നവരാണ്.