ഉത്തര്‍പ്രദേശ് : ഹിന്ദു - ഹിന്ദുത്വ പരാമര്‍ശത്തില്‍ രാഹുൽ ഗാന്ധിയെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി എ നാരായണസ്വാമി. കോൺഗ്രസ് നേതാവ് ഹിന്ദുവല്ലെന്നും തിരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം അദ്ദേഹം അത്തരം പരാമർശങ്ങൾ നടത്താറുണ്ടെന്നും നാരായണസ്വാമി പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ പരാമർശങ്ങളിൽ, ഹിന്ദുവും ഹിന്ദുത്വവും തമ്മിലുള്ള വ്യത്യാസം ഉയർത്തിക്കാട്ടാൻ രാഹുല്‍ ഗാന്ധി ആവർത്തിച്ച് ശ്രമിച്ചിരുന്നു.
'ഹിന്ദുവിനെ സഹിഷ്‌ണുതയുള്ളയാളെന്നും ഹിന്ദുത്വത്തെ അധികാരമോഹിയെന്നുമാണ് അദ്ദേഹം വിശേഷിപ്പിച്ചത്. തെരഞ്ഞെടുപ്പ് വരുമ്പോഴെല്ലാം അദ്ദേഹം (രാഹുൽ ഗാന്ധി) ഇങ്ങനെ മാത്രമേ സംസാരിക്കൂ, പക്ഷേ അദ്ദേഹം ഒരു ഹിന്ദുവല്ല' - മന്ത്രി പറഞ്ഞു.
ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലെ ഫെഫ്‌ന പ്രദേശത്ത് ബുധനാഴ്‌ച സംഘടിപ്പിച്ച സാമൂഹിക ശാക്തീകരണ ക്യാമ്പിൽ പങ്കെടുത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു നാരായണസ്വാമി.
ALSO READ: പ്രിയങ്ക ഗാന്ധിയുടെ മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്രം
ഉത്തർപ്രദേശിലും മറ്റ് ചില സംസ്ഥാനങ്ങളിലും അടുത്ത വർഷം ആദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ആൾക്കൂട്ട കൊലപാതകങ്ങളുടെ പേരിൽ സർക്കാരിനെതിരായ രാഹുല്‍ ഗാന്ധിയുടെ ആക്രമണത്തെ തള്ളിക്കളഞ്ഞ കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ സഹമന്ത്രി, അങ്ങനെയൊന്നില്ലെന്നും മുൻ കോൺഗ്രസ് അധ്യക്ഷന് രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ലെന്നും പറഞ്ഞു.