ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി ചീഫ് ഇലക്ഷൻ കമ്മിഷണർ സുനിൽ അറോറയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് സ്ഥിതിഗതികൾ അവലോകനം ചെയ്യാനാണ് യോഗം ചേർന്നത്. യോഗത്തിൽ ചീഫ് സെക്രട്ടറി, ഹോം സെക്രട്ടറി, പശ്ചിമ ബംഗാൾ ഡിജിപി, കൊൽക്കത്ത പൊലീസ് കമ്മിഷണർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വന്നുകഴിഞ്ഞാൽ സംസ്ഥാനത്ത് ഒരു റാലിയും നടത്താൻ സാധിക്കില്ലെന്ന് സുനിൽ അറോറ അറിയിച്ചു.
കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് പോളിങ് സ്റ്റേഷനുകളിൽ വോട്ടർമാരുടെ എണ്ണം കുറച്ചിട്ടുണ്ട്. ഓരോ പോളിങ് സ്റ്റേഷനുകളിലും ഏകദേശം 1,000 പേർക്കാണ് വോട്ട് ചെയ്യാൻ സാധിക്കുക. സംസ്ഥാനത്തെ ക്രമസമാധാന നിലയിൽ കമ്മിഷന് തൃപ്‌തിയില്ലെന്നും സത്യസന്ധവും സ്വതന്ത്രവുമായ വോട്ടിങ് എങ്ങനെ നടത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് അറിയാമെന്നും അറോറ വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിൽ ആവശ്യത്തിന് കേന്ദ്രസേനയെ വിന്യസിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഉറപ്പ് നൽകി.