ഹരിദ്വാർ (ഉത്തരാഖണ്ഡ്) : ഭക്തിനിർഭരമായ നിമിഷങ്ങൾക്ക് വേദിയാകുന്ന ഇടമാണ് കൻവാർ യാത്ര. ഹരിയാന സ്വദേശി ജോഗിന്ദർ ഗുജ്ജർ തന്‍റെ മുതുകിൽ കൊളുത്തിട്ട് ഗംഗാ ജലം ശേഖരിക്കുന്നതിനുള്ള വണ്ടി കെട്ടിവലിച്ചാണ് കൻവാറിലേക്കുള്ള യാത്ര നടത്തുന്നത്. ജോഗിന്ദറിന്‍റെ മുതുകിൽ നിന്ന് ചോരവാർന്നു വരുന്നുണ്ടെങ്കിലും അത് കാര്യമാക്കാതെ ശിവഭക്തിയിൽ എല്ലാം അർപ്പിച്ച് യാത്ര തുടരുകയാണ്.
ഒന്നരലക്ഷം ക്വിന്‍റൽ ഭാരമുള്ള വണ്ടിയാണ് ജോഗിന്ദർ ഗുജ്ജർ കെട്ടിവലിക്കുന്നത്. ഹരിയാനയിലെ കൈതാലിലെ കെയ്റോക്ക് ഗ്രാമത്തിൽ നിന്നുമാണ് ജോഗിന്ദർ ഹരിദ്വാറിലേക്കുള്ള പദയാത്ര ആരംഭിച്ചത്. ഉത്തരേന്ത്യയിലെ ശിവഭക്തർ നടത്തുന്ന തീർത്ഥാടനമാണ് കൻവാർ യാത്ര. കൊവിഡ് മഹാമാരിയെതുടർന്ന് രണ്ട് വർഷമായി കന്‍വാര്‍ യാത്ര ഇല്ലായിരുന്നു.
കന്‍വാര്‍ യാത്ര വീണ്ടും ആരംഭിച്ചതിന്‍റെ ആവേശത്തിലാണ് ഭക്തർ. ഗംഗാജലം ശേഖരിക്കാനായി ഹരിദ്വാർ ഉൾപ്പടെയുള്ള പുണ്യസ്ഥലങ്ങളിലേക്ക് വിശ്വാസികൾ നടത്തുന്ന യാത്രയാണ് കൻവാർ യാത്ര. ഇത് പൂര്‍ണ്ണമായും ശിവന് സമര്‍പ്പിച്ചിരിക്കുന്ന ആഘോഷമാണ്.
ഹരിദ്വാറിലേക്കുള്ള കന്‍വാര്‍ യാത്രയില്‍ ഏകദേശം 12 ദശലക്ഷം ആളുകള്‍ വരെ പങ്കെടുത്ത ചരിത്രമുണ്ട്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍, പഞ്ചാബ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, ഒഡിഷ, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നും ഭക്തര്‍ എത്താറുണ്ട്.